🔥 Burn Fat Fast. Discover How! 💪

കൊച്ചിയുടെ ഗതാഗതമേഖലയ്ക്ക് പുതിയ കുതിപ്പേകുന്ന വാട്ടർ മെട്രോ | CPIM Kerala

കൊച്ചിയുടെ ഗതാഗതമേഖലയ്ക്ക് പുതിയ കുതിപ്പേകുന്ന വാട്ടർ മെട്രോ ഉദ്ഘാടനം നടക്കുന്നതോടെ പൂർത്തിയാകുന്നത് എൽഡിഎഫ് സർക്കാരിന്റെ ഉറപ്പുകളിൽ ഒന്നുകൂടിയാണ്. നഗരത്തോടുചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ ഏപ്രിൽ 25ന് മുഖ്യമന്ത്രി സ. പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന്‌ സമർപ്പിക്കും. ഇതോടെ മെട്രോ റെയിലിന്‌ അനുബന്ധമായി വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക മെട്രോയാകും കൊച്ചി മെട്രോ.

ഹെെക്കോർട്ട് ടെർമിനലിൽനിന്ന് വെെപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സർവീസ്. 26 മുതൽ പൊതുജനങ്ങൾക്ക് യാത്രചെയ്യാം. വെെറ്റില–കാക്കനാട് റൂട്ടിൽ 27 മുതൽ സർവീസ് ആരംഭിക്കും. പ്രാരംഭഘട്ടത്തിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെയാണ് സർവീസ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിൽ ഹെെക്കോർട്ട്–വെെപ്പിൻ റൂട്ടിൽ സർവീസുണ്ടാകും. യാത്രക്കാരുടെ എണ്ണം പരിശോധിച്ച് സമയം നിജപ്പെടുത്തും. നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്–ഹൈബ്രിഡ് ബോട്ടുകളാണുള്ളത്. സുരക്ഷയ്ക്ക് വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനാകുന്ന ഫ്ലോട്ടിങ് പോണ്ടൂണുകൾ, യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോളിങ് സിസ്റ്റം എന്നിവയുമുണ്ട്. പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. പൂർത്തിയാകുമ്പോൾ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തും.

വാട്ടർ മെട്രോയിൽ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ്. ഹെെക്കോർട്ട്–വെെപ്പിൻ 20 രൂപയും വെെറ്റില–കാക്കനാട് 30 രൂപയുമാണ്‌. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഇളവുകളുമുണ്ട്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന്‌ 600 രൂപയും ത്രൈമാസ പാസിന്‌ 1500 രൂപയുമാണ്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഒറ്റത്തവണ യാത്രയ്‌ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബെെൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാം.