🔥 Burn Fat Fast. Discover How! 💪

മുത്തലാഖുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെത്തുടർന്ന്‌ വിവാഹ | CPIM Kerala

മുത്തലാഖുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെത്തുടർന്ന്‌ വിവാഹമോചനം സംബന്ധിച്ചുള്ള നിയമവ്യവസ്ഥയിൽ പുതിയ നിയമനിർമാണം ബിജെപി സർക്കാർ കൊണ്ടുവന്നു. സിവിൽ വ്യവഹാരമായിരുന്ന മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കി പരിവർത്തനം ചെയ്യിച്ച്‌ ഈ വിഷയത്തിൽ തങ്ങളുടെ മുസ്ലിംവിരുദ്ധത പ്രകടിപ്പിക്കാനുള്ള അവസരമായി നിയമനിർമാണത്തെ ബിജെപി മാറ്റി.

വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും കുടുംബനിയമങ്ങളും വ്യക്തിനിയമങ്ങളും പുരുഷാധിപത്യ–- പുരുഷമേധാവിത്വ സമീപനങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ഉള്ളത്‌. ഏക സിവിൽ കോഡ്‌ തിടുക്കത്തിൽ നടപ്പാക്കുമ്പോൾ കുടുംബ ബന്ധങ്ങളുടെ ജനാധിപത്യവൽക്കരണമോ സമൂഹത്തിൽ സ്‌ത്രീക്ക്‌ തുല്യാവകാശങ്ങളോ ഉറപ്പാക്കാനാകുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ വ്യക്തിനിയമങ്ങളിൽ സ്‌ത്രീയും പുരുഷനും തമ്മിലുള്ള പൂർണമായ തുല്യതാ വിവാഹം, വിവാഹമോചനം, പിന്തുടർച്ച, പാരമ്പര്യാവകാശങ്ങൾ, സ്വത്തവകാശം, ദത്ത്‌, രക്ഷാകർതൃത്വം, കുട്ടികളുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക്‌ തുടക്കംകുറിച്ചുകൊണ്ട്‌ വിവിധ മതസമൂഹത്തിലുള്ള സ്‌ത്രീ– പുരുഷന്മാരുടെ വ്യക്തിപരമായ സാമൂഹ്യജീവിതത്തെ ജനാധിപത്യവൽക്കരിക്കേണ്ടതുണ്ട്‌. ഇക്കാര്യങ്ങളിൽ നിലനിൽക്കുന്ന പുരുഷാധിപത്യ സമീപനങ്ങൾക്ക്‌ എതിരായി അടിസ്ഥാനമാറ്റങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം വളർത്തിയെടുക്കേണ്ടതുമുണ്ട്‌. കുടുംബത്തെയും സമൂഹത്തെയും ജനാധിപത്യവൽക്കരിക്കുന്ന പ്രക്രിയയിലേക്കുള്ള പ്രാഥമിക ചുവടുവയ്‌പാണ്‌ അതത്‌ സമൂഹത്തിന്‌ അകത്തുനടക്കുന്ന പരിഷ്‌കരണങ്ങൾ. വിവിധ മതസമുദായങ്ങൾക്കുള്ളിൽ നടക്കുന്ന സംവാദത്തിൽനിന്നാണ്‌ പരിഷ്‌കരണത്തിനായുള്ള അഭിപ്രായങ്ങൾ രൂപപ്പെടുത്തിയെടുക്കേണ്ടത്‌. അല്ലാതെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ മുകളിൽ ഏക സംസ്‌കാരമൂല്യത്തെ അടിച്ചേൽപ്പിക്കാൻ പാടില്ല.

മതനിരപേക്ഷ സങ്കൽപ്പം ഉയർത്തിപ്പിടിക്കുമ്പോൾ മതപരമായും പ്രദേശപരമായും എല്ലാമുള്ള വ്യത്യസ്‌തതകളെ ഭൂരിപക്ഷാഭിപ്രായങ്ങൾക്ക്‌ കീഴ്‌പ്പെടുത്താൻ പാടില്ല. ഇപ്പോൾ ഏക സിവിൽ കോഡ്‌ അടിച്ചേൽപ്പിക്കുന്ന തരത്തിൽ നടത്തുന്ന പ്രചാരവേലകൾ ഇന്നത്തെ സാഹചര്യത്തിൽ ദേശത്തിന്റെ അഖണ്ഡതയ്‌ക്കും യോജിപ്പിനും തടസ്സമുണ്ടാക്കുന്നതാണ്‌. ഭരണഘടനയുടെ 44-ാം അനുച്ഛേദം പൊതു സിവിൽ കോഡിനെക്കുറിച്ച്‌ ചർച്ച ചെയ്യുന്നുണ്ടെങ്കിലും ഈയൊരു കാര്യം മാത്രമല്ല, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം മാറ്റിയെടുക്കുന്നത്‌ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ഈ അനുച്ഛേദം. സാമൂഹ്യനീതി, സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ എല്ലാ നിലയിലുള്ള വളർച്ചയും സംരക്ഷണവും ദേശീയ തലത്തിൽ ഉറപ്പാക്കാൻ കഴിയുന്നതരത്തിൽ ജനക്ഷേമപരമായ കാര്യങ്ങൾ ഉറപ്പാക്കാൻ ദേശീയ സ്ഥാപനങ്ങളെ ആകെ ഉപയോഗപ്പെടുത്തണമെന്നും 44-ാം അനുച്ഛേദം അനുശാസിക്കുന്നു.

സമൂഹത്തിൽ സാമ്പത്തികമായ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കി അവസരങ്ങളും സ്ഥാനങ്ങളും എല്ലാ വ്യക്തികൾക്കും സാമൂഹ്യ വിഭാഗങ്ങൾക്കും ഉറപ്പാക്കാനുള്ള മുൻകൈയാണ്‌ ഭരണനേതൃത്വത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകേണ്ടത്‌. ഇതിലൊന്നും കാര്യമായി ഒന്നുംചെയ്യാതെ ഏക സിവിൽ കോഡ്‌ നടപ്പാക്കാനുള്ള നീക്കം ബിജെപി അജൻഡയായ ഹിന്ദുത്വവൽക്കരണം തന്നെയാണ്‌.

വ്യക്തിനിയമത്തെക്കുറിച്ച്‌ ചർച്ച ചെയ്യുമ്പോൾത്തന്നെ ഇന്ത്യയിലെ മുസ്ലിം ജനവിഭാഗത്തിന്റെ പിന്നാക്കാവസ്ഥയും ചർച്ച ചെയ്യേണ്ടതുണ്ട്‌. ഗുജറാത്ത്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്‌മെന്റ്‌ ഈയിടെ നടത്തിയ പരിശോധനയിൽ ഹിന്ദുക്കളിൽ 44 ശതമാനത്തിന്‌ കൃത്യമായി വേതനം കിട്ടുന്ന ജോലിയുള്ളപ്പോൾ മുസ്ലിങ്ങളിൽ 29 ശതമാനത്തിനു മാത്രമാണ്‌ കൃത്യമായ വേതനമുള്ള ജോലിയുള്ളത്‌. 53 ശതമാനം മുസ്ലിങ്ങളും ചെറുകിട ജോലികളിൽ ഏർപ്പെടുന്നവരും കൈവേലക്കാരുമാണ്‌. എന്നാൽ, ഹിന്ദുക്കളിൽ 36 ശതമാനം പേരാണ്‌ ഈവിധം ജീവിതമാർഗം കണ്ടെത്തുന്നത്‌. ജനസംഖ്യയിൽ 13 ശതമാനം മുസ്ലിങ്ങളാണ്‌ എങ്കിലും സിവിൽ സർവീസിൽ അവരുടെ പ്രാതിനിധ്യം മൂന്നു ശതമാനം മാത്രമാണ്‌. 35 ശതമാനത്തിൽ അധികം മുസ്ലിങ്ങൾ ഇപ്പോഴും ഭൂരഹിതരാണ്‌. ഏക സിവിൽ കോഡിനെക്കുറിച്ച്‌ ആലോചിക്കുമ്പോൾ ഇത്തരം പിന്നാക്കാവസ്ഥകൾ നമുക്ക്‌ പരിഹരിക്കാനായില്ലെന്നും നിയമ നിർമാണംകൊണ്ട്‌ തുല്യത കൈവരിക്കാനാകില്ലെന്നും വ്യക്തമാകുന്നു.

ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഏക സിവിൽ കോഡ്‌ അടിച്ചേൽപ്പിക്കുന്നതിനെ ശക്തമായി എതിർക്കുന്ന നിലപാടാണ്‌ സിപിഐ എം സ്വീകരിക്കുന്നത്‌. കഴിഞ്ഞ ലോ കമീഷൻ നിരവധി പരിശോധനകൾക്കുശേഷം പറഞ്ഞതുപോലെ ഇത്തരമൊരു നിയമം നിലവിലുള്ള സാഹചര്യത്തിൽ അത്യാവശ്യമോ അഭികാമ്യമോ അല്ല. നിയമപരമായ ഏകീകരണത്തെ തുല്യതയായി കാണാനാകില്ല. അതോടൊപ്പംതന്നെ എല്ലാ മതസമുദായത്തിലെയും സ്‌ത്രീകളുടെ അവകാശസംരക്ഷണത്തിനായാണ്‌ സിപിഐ എം നിലകൊള്ളുന്നത്‌. വിവിധ സമുദായങ്ങളിലെ വ്യക്തിനിയമങ്ങളിലും ആചാരങ്ങളിലും ഇതിന്‌ ആവശ്യമായ പരിഷ്‌കരണങ്ങൾ നടക്കേണ്ടതായുണ്ട്‌. ഇതാകട്ടെ ആ സമുദായത്തിലുള്ള സ്‌ത്രീകളുടെയും പുരുഷന്മാരുടെയും സജീവമായ ജനാധിപത്യ പങ്കാളിത്തത്തിലൂടെയാണ്‌ നടത്തേണ്ടതെന്ന അഭിപ്രായവും സിപിഐ എമ്മിനുണ്ട്‌.