🔥 Burn Fat Fast. Discover How! 💪

ഒരു തൊഴിലാളിവർഗ പാർടിയെന്ന നിലയിൽ ന്യൂനപക്ഷങ്ങൾ, ദളിതർ, സ്‌ത്ര | CPIM Kerala

ഒരു തൊഴിലാളിവർഗ പാർടിയെന്ന നിലയിൽ ന്യൂനപക്ഷങ്ങൾ, ദളിതർ, സ്‌ത്രീകൾ എന്നീ വിഭാഗങ്ങളുടെ അവകാശങ്ങൾക്ക്‌ പ്രത്യേക സംരക്ഷണം നൽകണമെന്ന നിലപാടാണ്‌ സിപിഐ എമ്മിന്‌ ഉള്ളത്‌. ബിജെപിയുടെ അധികാര ആരോഹണവും ഭരണനിർവഹണവും അവർ പ്രകടിപ്പിച്ച ന്യൂനപക്ഷവിരുദ്ധ സമീപനവും മതന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതബോധം സൃഷ്ടിക്കാനാണ്‌ ഇടയാക്കിയിട്ടുള്ളത്‌.

ഏക സിവിൽ കോഡിനായുള്ള ബിജെപിയുടെ കടുത്ത നിലപാട്‌ ന്യൂനപക്ഷങ്ങളിലെ അരക്ഷിതബോധം വർധിപ്പിക്കുന്നതാണ്‌. അതുകൊണ്ടുതന്നെ വളരെയേറെ സാംസ്‌കാരിക വൈവിധ്യമുള്ള സമൂഹത്തിൽ ന്യൂനപക്ഷങ്ങളുടെയും ഗോത്രവിഭാഗങ്ങളുടെയുമെല്ലാം സാംസ്‌കാരിക സ്വത്വത്തിന്റെ മുകളിൽ ഭൂരിപക്ഷ വർഗീയതയുടെ മൂല്യങ്ങളെ അടിച്ചേൽപ്പിക്കാൻ പാടില്ല. നിയമങ്ങളുടെ ഏകതാന സ്വഭാവം പാടില്ലായെന്നല്ല പക്ഷേ, സാംസ്‌കാരിക വൈവിധ്യത്തെ കാണാതെ അത്‌ അടിച്ചേൽപ്പിക്കുന്നത്‌ ഒട്ടും അഭികാമ്യവുമല്ല. അതുകൊണ്ടുതന്നെ വളരെ സമഗ്രമായ പരിശോധനകളിലൂടെയും അഭിപ്രായ സമന്വയത്തിലൂടെയുംമാത്രം പൂർത്തിയാക്കേണ്ട ഒന്നിനെ അടിച്ചേൽപ്പിക്കുമ്പോൾ ഇന്നത്തെ സ്ഥിതിഗതികളിൽ അത്‌ തീവ്രഹിന്ദുത്വ അജൻഡയിലേക്കുള്ള ഒരു വലിയ ചുവടുവയ്‌പാണ്‌.

തിടുക്കത്തിൽ ഒരു ഏക സിവിൽ കോഡ്‌ അടിച്ചേൽപ്പിക്കുന്നതിനു പകരം ഓരോ സമുദായത്തിനകത്തും നടക്കുന്ന ലിംഗനീതി നിഷേധത്തിനെതിരായും സ്‌ത്രീകളുടെ തുല്യാവകാശങ്ങൾക്കുംവേണ്ടിയുള്ള നിയമനിർമാണങ്ങൾ ഉറപ്പാക്കുകയാണ്‌ വേണ്ടത്‌. ഇതിനായി സ്‌ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കി സ്‌ത്രീകളുടെ തുല്യാവകാശങ്ങൾ നിയമപരമായി ഉറപ്പുവരുത്തണം. ഇതിനായി എല്ലാ സമുദായങ്ങളുടെയും വ്യക്തിനിയമങ്ങളിൽ മാറ്റംവരുത്തണം. അത്തരം മാറ്റങ്ങൾക്കായുള്ള ആശയവിനിമയങ്ങൾ വ്യത്യസ്‌ത സമുദായങ്ങൾക്കകത്ത്‌ രൂപപ്പെടുത്തണം. അത്തരത്തിൽ ഉയർന്നുവരുന്ന ആശയസമന്വയത്തിലൂടെ സ്‌ത്രീകളുടെ തുല്യാവകാശങ്ങൾ നിയമപരമായി ഉറപ്പാക്കണമെന്ന നിലപാടാണ്‌ സിപിഐ എമ്മിന്‌ ഉള്ളത്‌. ഈ നിലപാട്‌ എല്ലാ ഘട്ടത്തിലും സിപിഐ എം ഉയർത്തിപ്പിടിക്കും. ഇത്തരം നിയമപരിഷ്‌കാരങ്ങൾ എല്ലാ മതസാമുദായിക വിഭാഗങ്ങളിലും നടപ്പാക്കേണ്ടതായുണ്ട്‌. എല്ലാ സമുദായത്തിലുമുള്ള സ്‌ത്രീകളുടെ തുല്യാവകാശങ്ങൾക്കു വേണ്ടിയാണ്‌ സിപിഐ എം നിലയുറപ്പിച്ചിട്ടുള്ളത്‌. ഇതിനായി എല്ലാ സമുദായത്തിലുമുള്ള സ്‌ത്രീകളുടെയും പുരുഷന്മാരുടെയും കൂട്ടായതും ചടുലവുമായ ജനാധിപത്യമുന്നേറ്റമാണ്‌ ഉണ്ടാകേണ്ടത്‌.

ഇത്തരം പരിഷ്‌കരണങ്ങളെ ഒഴിവാക്കി ന്യൂനപക്ഷ വിഭാഗങ്ങളെ, വിശേഷിച്ച്‌ മുസ്ലിം ജനസാമാന്യത്തെ അടിച്ചമർത്താൻ ഉതകുന്ന തരത്തിൽ ഭൂരിപക്ഷ ഹിന്ദുമേധാവിത്വം അടിച്ചേൽപ്പിക്കുന്ന ഏക സിവിൽ കോഡാണ്‌ ബിജെപിയുടെ കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്‌. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്താൻ സിപിഐ എം മുൻകൈയെടുക്കും.

സ. എ വിജയരാഘവൻ
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം