Get Mystery Box with random crypto!

യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തർ പ്രദേശിൽ നിന്നു വരുന്ന വാർത് | CPIM Kerala

യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തർ പ്രദേശിൽ നിന്നു വരുന്ന വാർത്തകൾ ഭീതിജനകവും ഞെട്ടിപ്പിക്കുന്നതുമാണ്. ആറുവർഷം പിന്നിട്ട ബിജെപി ഭരണത്തിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും കലാപങ്ങളുടെയും കണക്കുകൾ ആരെയും ഭയപ്പെടുത്താൻ പോന്നതാണ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് നിയമവാഴ്‌ച പൂർണമായും തകർന്നു. ക്രമസമാധാനനില എക്കാലത്തെയും മോശം അവസ്ഥയിൽ എത്തിയിരിക്കുന്നു. നിയമസംവിധാനത്തിന് പുല്ലുവില പോലും കൽപ്പിക്കാതെ സംഘപരിവാർ ക്രിമിനലുകളും പൊലീസും ഒരുവിഭാഗം ആളുകളെ തെരഞ്ഞുപിടിച്ച്‌ വിചാരണയില്ലാതെ ശിക്ഷ നടപ്പാക്കുന്നു. കേസുകളിൽ പ്രതിചേർക്കുന്നവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കുന്നത് യുപിയിൽ സ്ഥിരം കാഴ്ചയാണ്.

പൊലീസ്‌ സംരക്ഷണയിൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ പരിശോധനയ്‌ക്ക്‌ കൊണ്ടുപോയ രണ്ടു പ്രതികളെ കഴിഞ്ഞദിവസം ഒരുസംഘം ആളുകൾ വെടിവച്ചുകൊലപ്പെടുത്തിയത്‌ നിയമവാഴ്‌ച തകർന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌. നിയമവാഴ്‌ച നടപ്പാക്കുകയെന്നത്‌ ഒരു സർക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്വമാണ്. എന്നാൽ, പൊലീസ്‌ വലയത്തിൽ നടന്നുപോകുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചാനൽ കാമറകൾക്ക് മുന്നിൽവച്ചാണ് അക്രമികൾ വെടിയുതിർത്തത്. മുൻ എംപിയും ക്രിമിനൽ കേസ്‌ പ്രതിയുമായ ആതിഖ് അഹ്‌മദും സഹോദരൻ അഷ്റഫ് അഹ്‌മദുമാണ് പൊലീസ്‌ കസ്റ്റഡിയിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്‌.

ഗുജറാത്തിലെ ജയിലിൽ ആയിരുന്ന ഇരുവരെയും ഉമേഷ് പാൽ വധക്കേസിൽ പൊലീസ് അറസ്റ്റുചെയ്‌ത്‌ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജിൽവച്ചാണ് സംഭവം. ഇരുവരെയും ശക്തമായ പൊലീസ്‌ സംരക്ഷണയിൽ അക്രമികൾ കൊലപ്പെടുത്തിയെന്നത്‌ യുപിയിൽ നടക്കുന്ന കാട്ടുനീതിക്ക്‌ തെളിവാണ്‌. ഉമേഷ് പാൽ വധക്കേിൽ പ്രതികളായ ആറുപേരാണ്‌ 50 ദിവസത്തിനകം കൊല്ലപ്പെട്ടത്‌. ആതിഖ്‌ അഹ്മദിന്റെ മകൻ ആസാദ് അഹ്മദും കൂട്ടാളി ഗുലാമും ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള (എസ്‌ടിഎഫ്) ഏറ്റുമുട്ടലിൽ വ്യാഴാഴ്‌ച കൊല്ലപ്പെട്ടിരുന്നു. ഇത്‌ വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം നിലനിൽക്കെയാണ്‌ ആതിഖും അഷ്റഫും പൊലീസ്‌ കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരിക്കുന്നത്‌.

യുപി പൊലീസ്‌ വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്ടിക്കുകയാണെന്ന ആരോപണം ശക്തമാണ്‌. വ്യക്തികളെ തട്ടിക്കൊണ്ടു പോകുകയോ അറസ്റ്റുചെയ്യുകയോ ചെയ്‌തശേഷം അടുത്ത ദിവസങ്ങളിൽ മൃതദേഹം കാണപ്പെടുന്ന രീതിയിലാണ് മിക്ക ഏറ്റുമുട്ടൽ കൊലപാതകങ്ങളും. പൊലീസ്‌ രേഖപ്രകാരം ആറു വർഷത്തിനിടയിൽ 10,900 ഏറ്റുമുട്ടലുണ്ടായി. ഇതിൽ 184 പേർ കൊല്ലപ്പെട്ടു, 4918 പേർക്ക്‌ പരിക്കേറ്റു. ഇതിന്റെ ഇരട്ടിയിലേറെപ്പേർ സംശയകരമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. സംഘപരിവാർ പ്രവർത്തകരാണ്‌ യുപിയിലെ പ്രധാന ആക്രമണകാരികളും ഗുണ്ടകളും. എന്നാൽ, ഇവർക്കെതിരെ നടപടിയെടുക്കാതെ മുസ്ലിങ്ങളെയും ദളിതുകളെയും സമാജ്‌വാദി പാർടി പ്രവർത്തകരെയും ലക്ഷ്യമിട്ടാണ്‌ യുപി പൊലീസ്‌ പ്രവർത്തിക്കുന്നത്‌. യോഗി സർക്കാർ കൃത്യമായ പദ്ധതികളോടെ നടപ്പാക്കുന്ന കൂട്ടക്കൊലപാതകങ്ങളാണ്‌ ഏറ്റുമുട്ടലെന്ന പേരിൽ നടത്തുന്നത്‌.

വർഗീയ–ബുൾഡോസർ രാഷ്ട്രീയം തുടങ്ങിവച്ച യോഗി യുപിയിൽ ഇതുവരെ ന്യൂനപക്ഷ വിഭാഗങ്ങളുടെ നിരവധി വീടും കടകളും ഉൾപ്പെടെ കോടിക്കണക്കിനു രൂപയുടെ വസ്‌തുവകകൾ ഇടിച്ചുനിരപ്പാക്കി. ക്രിമിനലുകളും കൈയേറ്റക്കാരുമായി ചിത്രീകരിച്ചാണ്‌ വീടുകളും കടകളും തകർക്കുന്നത്‌. കേസിൽ പ്രതിയാകുന്നവരുടെയോ ശിക്ഷിക്കപ്പെടുന്നവരുടെയോ വീടുകൾ പൊളിക്കാനുള്ള വ്യവസ്ഥ ശിക്ഷാനിയമത്തിൽ എവിടെയുമില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ്‌ ‌ഇടിച്ചുനിരത്തൽ നടക്കുന്നത്‌. ഇതിന്റെപേരിൽ വർഗീയ ധ്രുവീകരണം സൃഷ്ടിച്ച്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്തുന്നു. നിയമത്തെ നോക്കുകുത്തിയാക്കി, ചട്ടങ്ങൾ കാറ്റിൽപ്പറത്തി നടത്തുന്ന കൊലപാതകങ്ങൾ നീതിന്യായവ്യവസ്ഥയ്ക്ക് വെല്ലിവിളി ഉയർത്തുകയാണ്‌.