🔥 Burn Fat Fast. Discover How! 💪

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വകുപ്പ | CPIM Kerala

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വകുപ്പ് മരവിപ്പിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. സെക്ഷൻ 124 എ പ്രകാരമുള്ള എല്ലാ നടപടികളും മരവിപ്പിച്ച കോടതി ഈ വകുപ്പ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി ആരെയും അറസ്റ്റ് ചെയ്ത് ഉപദ്രവിക്കുന്ന ഭരണകൂട നയങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഇന്നത്തെ സുപ്രിം കോടതി വിധി. പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നും കോടതി വിധിയിൽ പറയുന്നുണ്ട്. നിയമം മരവിപ്പിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ഇത് മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിനേറ്റ കനത്ത പ്രഹരമാണ്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച നിയമം അതേ രൂപത്തിൽ സ്വതന്ത്ര ഇന്ത്യയിൽ ഇത്രയും കാലം നിലനിന്നു എന്നതുതന്നെ നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് നാണക്കേടാണ്. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാത്ത ഇത്തരം കരിനിയമങ്ങൾ റദ്ദാക്കണം എന്നത് സിപിഐഎമിന്റെ പ്രഖ്യാപിത നിലപാടാണ്. 124 എ വകുപ്പിന്‌ കീഴിലുള്ള രാജ്യദ്രോഹക്കുറ്റത്തിന്‌ എല്ലാ കാലത്തും സിപിഐ എം എതിരായിരുന്നു. ഈ നിലപാടിനുള്ള അംഗീകാരമാണ് സുപ്രീം കോടതിയുടെ തീരുമാനം. സെക്ഷൻ 124 എ റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പാർലമെന്റിന്റെ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ 'ഇന്ത്യൻ ശിക്ഷാ നിയമ ഭേദഗതി ബില്ല്' ഒരു സ്വകാര്യ ബില്ലായി ഞാൻ അവതരിപ്പിച്ചിരുന്നു. സുപ്രീം കോടതി വിധി അംഗീകരിച്ച് നിയമനിർമ്മാണം നടത്തുകയാണെങ്കിൽ ഈ സ്വകാര്യ ബില്ലിന് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാർ നിർബന്ധിതരാവും. അഭിപ്രായസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമായി സിപിഐഎം നടത്തുന്ന പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് കോടതിയുടെ ഈ ഇടപെടൽ.

സ. എളമരം കരീം എംപി
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം