Get Mystery Box with random crypto!

​​തിരുവനന്തപുരത്തുകാരായ ഒരു കൂട്ടം ചെറുപ്പക്കാർ മലയാള സിനിമയുട | CINEMA PARADISO CLUB

​​തിരുവനന്തപുരത്തുകാരായ ഒരു കൂട്ടം ചെറുപ്പക്കാർ മലയാള സിനിമയുടെ നാളെകളെ ആഘോഷമാക്കാൻ മദ്രാസിലേക്ക് വണ്ടി കയറുമ്പോൾ അവരിൽ ഒരു ക്രിക്കെറ്റർ ആകാൻ കഴിയാത്തതിന്റെ തെല്ലൊരു നിരാശയും പേറി സിനിമയെ അതിലേറെ സ്നേഹിച്ചിരുന്ന കണ്ണാടിക്കാരനായ കൊലുന്നനെയുള്ള ഒരു പയ്യനും ഉണ്ടായിരുന്നു.

സ്ക്രിപ്റ്റ് തിരുത്തലും, അസ്സോസിയേറ്റ് വർക്കും , ഗോസ്റ്റ് ഡയറക്ഷനും, ഒക്കെയായി പടിപടിയായി സിനിമാ സർക്കിളുകളിൽ പേരും മുഖവും പരിചിതമാക്കി എടുത്ത കാലഘട്ടങ്ങളിൽ തൻ്റെ അന്തിമമായ കർമ്മ മണ്ഡലം സംവിധാനം തന്നെ ആണെന്ന തിരിച്ചറിവും അതിനായി സിനിമകളെ തന്നെ പാഠ പുസ്തകമാക്കാൻ ഉള്ള ചിന്തയും സ്വതവേ കൈവശമുള്ള നർമ്മബോധവും, വിഷ്വലുകളെ സ്വംശീകരിക്കാനുള്ള ഉൾക്കാഴ്ചയും കൂടി ചേർന്ന് വന്നപ്പോൾ ഇന്ത്യൻ സിനിമക്ക് ലഭിച്ചത്, പ്രിയദർശൻ എന്ന മാസ്റ്റർ ക്രഫ്റ്സ്മാൻ ആയിരുന്നു...

95 സിനിമകൾ തന്റെ നാല് പതിറ്റാണ്ടിനുള്ളിൽ ചെയ്ത് വെച്ചു എന്നുള്ളത് മാത്രമല്ല ആ ഭഗീരഥ പ്രയത്നത്തിന്റെ വ്യാപ്തി, 4 ഭാഷകളിലായി, അനവധി ടെക്‌നീഷ്യന്മാരുടെ ഒപ്പം സൃഷ്ടിച്ചെടുത്ത വർക്‌സ്‌പേസ്..
പല ലാൻഡ്‌സ്‌കേപ്പുകൾ അതിൻ്റെ പരിപൂര്ണതയിൽ കഥകളുടെ ഇഴചേർക്കലുകളിൽ സ്വാംശീകരിച്ച മാജിക്...

കടലും, ദ്വീപുകളും, മരുഭൂമിയും, കാടും, പുഴകളും, നഗരങ്ങളും ഗ്രാമങ്ങളും , യാഥാർത്യവും, ഫിക്ഷനും, സർറിയലിസവും, ഫാന്റസിയും, ചരിത്രവും, ഒന്നും പ്രിയദർശൻ തൻ്റെ സിനിമകൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയ കാൻവാസുകളുടെ പുറത്തേക്കു തെന്നി മാറിയില്ല, വ്യൂ ഫൈൻഡറുകളിൽ പ്രിയൻ കണ്ട കാഴ്ചകൾ നൂറ്റിക്കു നൂറിൽ പ്രേക്ഷകന് തിരശീലയിൽ അനുഭവേദ്യമായി മാറുകയായിരുന്നു...

പ്രിയൻ കൊറിയോഗ്രാഫ് ചെയ്ത സ്ലാപ്പ്സ്റ്റിക് കോമഡി രംഗങ്ങളുടെ ചാരുത പതിറ്റാണ്ടുകൾക്ക് ഇപ്പുറവും ബെഞ്ച്മാർക്കുകൾ ആയി നിലകൊണ്ടു...
ടോം ആൻഡ് ജെറിക്കൊപ്പം 80 കളിൽ മലയാളിയുടെ VCR ശേഖരത്തിൽ പൂച്ചക്കൊരു മൂക്കുത്തി ഇടം പിടിച്ചതു ഒരിക്കലും ഒരു അതിശയോക്തി ആയിരുന്നില്ല.., മലയാളത്തിൽ പുതിയൊരു ഒരു ഹാസ്യ വ്യാകരണം ചമക്കുക ആയിരുന്നു പ്രിയദർശൻ എന്ന സംവിധായകൻ.

ഓടരുത് അമ്മാവാ ആളറിയാം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ബോയിങ് ബോയിങ്, കിലുക്കം, മിഥുനം , മിന്നാരം, ചന്ദ്രലേഖ, കാക്കക്കുയിൽ, വെട്ടം എന്നിങ്ങനെ ഹാസ്യത്തിന്റെ ഡോസ് കൂടു കൂടി വന്നു കൊണ്ടിരുന്നപ്പോഴും ആര്യൻ, അഭിമന്യു, ആദ്വൈദം , ആക്രോശ് എന്നിങ്ങനെ ഒരു കുറച്ചുകൂടി സീരിയസ് ആയ ചിത്രങ്ങളുടെ ഒരു ട്രാക്കും സമാന്തരമായി കൊണ്ട് പോകാൻ അദ്ദേഹത്തിനായി....

Sometimes, കാലാപാനി , കാൻജീവരം, രാക്കിളിപ്പാട്ട് തുടങ്ങിയ ചിത്രങ്ങളിൽ പ്രിയൻ പരീക്ഷിച്ച കാഴ്ചപ്പാടുകളുടെ രാഷ്ട്രീയം വല്ലാണ്ട് നമ്മൾ overlook ചെയ്തു കളഞ്ഞ പ്രിയന്റെ തന്നെ ഉള്ളിലെ മറ്റൊരു സംവിധായകന്റെ existence വിളിച്ചോതി , ആരുടെ നഷ്ടം ആയിരുന്നു ആ സംവിധായകന്റെ വളരെ ചുരുങ്ങിയ പ്രത്യക്ഷപ്പെടലുകൾ എന്നതിന് ഉത്തരം കണ്ടെത്തുക ദുഷ്കരമാകും...

100 ചിത്രങ്ങൾ എന്ന മാന്ത്രിക സംഖ്യ കയ്യെത്തിപ്പിടിക്കാൻ അധികം ദൂരം പ്രിയദർശന് ഇല്ല എന്നിരിക്കിലും മാഗ്നം ഓപ്പസ് മരക്കാരിന്റെ പ്രൗഢി അതിനെ കേവലം ഒരു സംഖ്യാ മാത്രമാക്കി ഒതുക്കാൻ ഉതകുന്നതാകും എന്ന് തന്നെ പ്രതീക്ഷിക്കാം....

പ്രിയപ്പെട്ട പ്രിയൻ സാറിനു ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ....
<3