🔥 Burn Fat Fast. Discover How! 💪

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ പ്രസിഡന | CPIM Kerala

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ പ്രസിഡന്റായിരുന്നു അബുൾ കലാം ആസാദ്. ആദ്യം 1923 – 24ൽ ഒരു ചെറിയ കാലയളവിലും തുടർന്ന്‌ 1940 മുതൽ 1946 വരെയും ദേശീയ പ്രസ്ഥാനത്തിന്റെ സംഭവബഹുലമായ പ്രയാണ കാലത്തായിരുന്നു ആസാദ്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായത്‌. ഇദ്ദേഹത്തിന്റെ ചിത്രം കോൺഗ്രസ്, അവരുടെ നേതാക്കളുടെ കൂട്ടത്തിൽനിന്ന്‌ വെട്ടിമാറ്റിയത് വിവാദമായിരുന്നു. ഇപ്പോഴിതാ, ഭരണഘടനാ നിർമാണസഭയിലെ സുപ്രധാന കമ്മിറ്റികളുടെ അധ്യക്ഷന്മാരുടെ പേരുകളിൽനിന്ന് അബുൾ കലാം ആസാദിനെയും സംഘപരിവാർ കുടിയിറക്കിയിരിക്കുകയാണ്. 11–ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് ആസാദിനെക്കുറിച്ചുള്ള പരാമർശം തന്നെ എൻസിഇആർടി ഒഴിവാക്കി.

1947മുതൽ 1958വരെയുള്ള ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം. യുജിസി ഉദ്ഘാടനം ചെയ്തതുതന്നെ ആസാദായിരുന്നു. നിരവധി ഗവേഷണസ്ഥാപനങ്ങളുടെ പിന്നിലും ഈ കരങ്ങളുണ്ട്. എല്ലാവിധ ന്യൂനപക്ഷ വിഭാഗങ്ങളിലുംപെട്ട വിദ്യാർഥികൾക്കായി ഇദ്ദേഹത്തിന്റെ പേരിലേർപ്പെടുത്തിയ സ്കോളർഷിപ്പുകളും കേന്ദ്ര സർക്കാർ നിർത്തലാക്കിയതിന്റെ തുടർച്ചയായാണ് ഈ നടപടി.

മക്കയിൽ ഹജ്ജ് തീർഥാടകർക്കുൾപ്പെടെ ജലമെത്തിക്കുന്ന സൂബൈദ തോട് നവീകരിച്ച് ലോകത്തിന്റെ അംഗീകാരമേറ്റുവാങ്ങിയ മദീനയിലെ പണ്ഡിതശ്രേഷ്ഠനായ മുഹമ്മദ് ഖൈറുദ്ദീന്റെ മകനായാണ്‌ അബുൾ കലാം ആസാദ് പിറന്നത്. മുഗൾ കൊട്ടാരത്തിലെ സുപ്രധാന സ്ഥാനങ്ങൾ ഇദ്ദേഹത്തിന്റെ പൂർവികർ വഹിച്ചിരുന്നു. പിന്നീട് കൊൽക്കത്തയിലെത്തി. 1912ൽ ഉറുദു ഭാഷയിൽ അൽ ഹിലാൻ എന്ന പത്രത്തിന്റെ പത്രാധിപരായി. ബ്രിട്ടീഷുകാർ പലതവണ ഇത് അടച്ചുപൂട്ടിച്ചു.

ബംഗാളിലെ വിപ്ലവകാരികളുമായുള്ള പരിചയം ദേശീയ പ്രസ്ഥാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു. ഗാന്ധിജിയുമായി അടുത്ത ബന്ധം പുലർത്തി ദേശീയപ്രസ്ഥാനത്തിൽ സജീവമായി. കോൺഗ്രസിൽ അഭിപ്രായഭിന്നത ഉയർന്നുവന്നപ്പോഴെല്ലാം എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്നതിനും ഇടപെട്ടു. ഈ സാഹചര്യത്തിലാണ് 1940ൽ രാംഗഢിൽ ചേർന്ന കോൺഗ്രസിന്റെ സമ്മേളനം അദ്ദേഹത്തെ കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്.

ഹിന്ദു – മുസ്ലിം ഐക്യത്തിനായി എക്കാലവും ശക്തമായി അദ്ദേഹം വാദിച്ചു. അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി, ‘‘കുത്തബ്മിനാരത്തിന്റെ ഉയരങ്ങളിൽനിന്ന്‌ ഒരു മാലാഖ ഇറങ്ങിവന്ന് ഹിന്ദു – മുസ്ലിം ഐക്യം തകർത്താൽ 24 മണിക്കൂർകൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് എന്നോട് പറഞ്ഞാൽ ആ സ്വാതന്ത്ര്യം ഞാൻ വേണ്ടെന്നുവയ്‌ക്കും''. ഹിന്ദു – മുസ്ലിം ഐക്യമെന്നത് ഇന്ത്യയുടെ ശ്വാസമാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. പാകിസ്ഥാൻ വാദം ഉയർന്നുവന്നപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ""ഈ പദ്ധതിയുടെ എല്ലാ വശങ്ങളും ചിന്തിച്ച് കഴിയുമ്പോൾ, ഇന്ത്യയെ മൊത്തത്തിൽ മാത്രമല്ല, പ്രത്യേകമായ വിഷയങ്ങളിലും ദോഷം ചെയ്യുമെന്ന നിഗമനത്തിൽ ഞാൻ എത്തി. സത്യത്തിൽ അത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപരി കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും''. അവസാന ഘട്ടംവരെ ഈ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് പൊരുതി. ഉയർന്നുവന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ബ്രിട്ടീഷ് കമീഷനുമായുള്ള ചർച്ചകളിലുൾപ്പെടെ അദ്ദേഹം മുന്നോട്ടുവച്ചു. അത് എല്ലാവരുടെയും ആശങ്കകൾ പരിഹരിക്കുന്നവിധമായിരുന്നു. കേന്ദ്ര സർക്കാരിന് ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയവയിൽ പൂർണ നിയന്ത്രണം, ആ ഫോർമുല വിഭാവനം ചെയ്തു. മറ്റുള്ളവയിൽ സംസ്ഥാനങ്ങൾക്കും പൂർണ സ്വാതന്ത്ര്യമായിരുന്നു നിർദേശിച്ചത്. ഫെഡറൽ തത്വങ്ങളിലും അധികാര വികേന്ദ്രീകരണങ്ങളിലും ഊന്നിനിന്ന സമീപനമായിരുന്നു അത്. ഈ നിർദേശങ്ങൾ ദേശീയ പ്രസ്ഥാനവും മുസ്ലിംലീഗും ബ്രിട്ടീഷ് സർക്കാരും അംഗീകരിക്കുന്ന നിലയുണ്ടായി. ‘‘ഇന്ത്യ സ്വതന്ത്രമാകുന്നു''വെന്ന പ്രസിദ്ധമായ പുസ്തകത്തിൽ ആസാദ്‌ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. പിന്നീട് ഓരോരുത്തരുടെയും ചുവടുമാറ്റങ്ങളും ചർച്ച ചെയ്യുന്നുണ്ട്.

ഇന്ത്യാ വിഭജനം യാഥാർഥ്യമാകുമെന്ന തോന്നൽ വന്നപ്പോൾ നീട്ടിക്കൊണ്ടുപോയാൽ ഈ മാനസികാവസ്ഥയിൽനിന്ന് എല്ലാവരും മാറുമെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനായുള്ള പ്രായോഗിക ഇടപെടലും നടത്തി. ഇക്കാര്യം പിന്നീട് ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്, "സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിർമിക്കുകയും അതനുസരിച്ച് കുറച്ചുകാലം സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്താൽ പിന്നെ സാമുദായിക സന്ദേഹങ്ങളും അവിശ്വാസവും താനെ അപ്രത്യക്ഷമാകുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. രാജ്യത്തിന്റെ യഥാർഥ പ്രശ്നങ്ങൾ സാമ്പത്തികമാണ്, സാമുദായികമല്ല. ഭിന്നതകൾ വർഗങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു, ഗണങ്ങളെക്കുറിച്ചായിരുന്നില്ല. രാജ്യമൊരിക്കൽ സ്വതന്ത്രമായിക്കഴിഞ്ഞാൽ പിന്നെ ഹിന്ദുക്കളും മുസ്ലിങ്ങളും സിഖ്കാരുമെല്ലാം അവർ നേരിടുന്ന പ്രശ്നത്തിന്റെ യഥാർഥ സ്വഭാവമെന്താണെന്ന് തിരിച്ചറിയും. കൂടാതെ, സാമുദായിക ഭിന്നതകൾ പരിഹരിക്കുകയും ചെയ്യും''.