Get Mystery Box with random crypto!

ഇന്ത്യയിലെ പ്രശ്നം വർഗപരവും സാമ്പത്തികവുമാണെന്ന് അദ്ദേഹം തിരിച | CPIM Kerala

ഇന്ത്യയിലെ പ്രശ്നം വർഗപരവും സാമ്പത്തികവുമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ടായിരുന്നു. ഒരിക്കൽ വിദ്വേഷത്തിൽ അധിഷ്ഠിതമായ രാഷ്ട്രങ്ങൾ നിലവിൽ വന്നാൽ പിന്നെ സാഹചര്യങ്ങൾ എങ്ങനെയായി തീരുമെന്ന് ആർക്കുമറിയില്ല. അതിനാലാണ് അത് തടയാൻ എല്ലാ വഴികളും ആലോചിച്ചത്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹം അന്ന് പങ്കുവച്ച ആശങ്കകൾ യാഥാർഥ്യമായിരിക്കുകയാണ്. പാകിസ്ഥാൻ വിദ്വേഷമാണ് ഇന്ന് സംഘപരിവാറിന്റെ പ്രധാന ആയുധം. താൻ നടത്തിയ എല്ലാ ഇടപെടലുകളും പരാജയപ്പെടുകയും വിഭജനത്തിൽ ബ്രിട്ടീഷുകാർ ഉറച്ചുനിൽക്കുകയും ചെയ്തപ്പോൾ അതിന്റെ സാമ്രാജ്യത്വ താൽപ്പര്യത്തെയും അദ്ദേഹം വിലയിരുത്തുന്നുണ്ട്.

"ക്യാബിനറ്റ് ദൗത്യസംഘത്തിന്റെ പദ്ധതിപ്രകാരമുള്ള ഐക്യതയിൽ നിലകൊള്ളുന്ന ഒരു ഇന്ത്യ സ്വാതന്ത്ര്യം നേടിയാൽ ഇന്ത്യയുടെ സാമ്പത്തിക വ്യവസായ ജീവിതത്തിൽ തങ്ങൾക്കിപ്പോഴുള്ള സ്ഥാനം നിലനിർത്താൻ ബ്രിട്ടീഷുകാർക്ക് വളരെക്കുറച്ച് അവസരമേ ലഭിക്കുകയുള്ളൂ. നേരെ മറിച്ച് മുസ്ലിം ഭൂരിപക്ഷമുള്ള പ്രവിശ്യകൾ വേറിട്ട് സ്വതന്ത്രമായാൽ മറ്റൊരു രാഷ്ട്രമാകുന്ന തരത്തിൽ ഇന്ത്യ വിഭജിക്കപ്പെടുകയാണെങ്കിൽ ഇന്ത്യക്കാരുടെ ജീവിതത്തിൽ കടിഞ്ഞാണിടാൻ പറ്റുന്ന ഒരു മേൽക്കോയ്മ ബ്രിട്ടന് ലഭിക്കും. മുസ്ലിംലീഗിന് ആധിപത്യമുള്ള ഒരു രാഷ്ട്രം എപ്പോഴും ബ്രിട്ടീഷുകാർക്ക് സ്വാധീനം ചെലുത്താനുള്ള ഒരു കളമൊരുക്കി നൽകും. ഇത് ഇന്ത്യയുടെ മനോഭാവത്തിൽ സ്വാധീനം ചെലുത്തും. തങ്ങളുടെ അതിർത്തിയിൽ ബ്രിട്ടീഷ് സാന്നിധ്യമുള്ളപ്പോൾ ഇന്ത്യക്ക് സാധാരണ അവർ നൽകിയേക്കാവുന്നതിലധികം പരിഗണന ബ്രിട്ടീഷ് താൽപ്പര്യങ്ങൾക്ക് നൽകേണ്ടിവരും''.

ഇസ്ലാം മതവിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് മതനിരപേക്ഷതയ്‌ക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു അദ്ദേഹം നടത്തിയത്. ഇസ്ലാമിക രാഷ്ട്രവാദത്തെ അദ്ദേഹം തള്ളി. നബിയുടെ ഭരണകാലത്ത് മറ്റ് മതവിശ്വാസികൾക്ക് അവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള രാജ്യമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇക്കാര്യത്തിൽ ജൂതരുമായുണ്ടാക്കിയ കരാറും അദ്ദേഹം ഓർമപ്പെടുത്തി. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കിടയിൽ മതരാഷ്ട്രമുയർത്താൻ ശ്രമിച്ച മൗദൂദി മുന്നോട്ടുവച്ച ജമാഅത്തെ ഇസ്ലാമിയുടെ ധാരയുണ്ടായിരുന്നു. മുഹമ്മദ്‌ അലി ജിന്നയെപ്പോലുള്ളവർ മുന്നോട്ടുവച്ച സാമുദായിക രാഷ്ട്രീയത്തിന്റെ ധാരയെയും അദ്ദേഹം ശക്തമായി നേരിട്ടു. സെക്കുലർ രാഷ്ട്രമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നതെന്നും അത്തരമൊരു രാഷ്ട്രമാണ് ഇന്ത്യയിലെ ഇസ്ലാം മതവിശ്വാസികളുടെ പുരോഗതിക്ക് അനിവാര്യമെന്നും അദ്ദേഹം വിലയിരുത്തി. ഖുർആന്റെ സന്ദേശങ്ങൾ അക്കാലത്തെ അറിവുകളുടെ വെളിച്ചത്തിൽ വിശകലനം ചെയ്തുകൊണ്ട് ഹർജുമാനുവൽ ഖുർആൻ എന്ന ഖുർആൻ വ്യാഖ്യാനവും അദ്ദേഹം എഴുതി. ഇത്തരം ചിന്തകൾ രൂപപ്പെടുത്തുന്നതിൽ സൂഫി ചിന്തകളും ഒമ്പതാം നൂറ്റാണ്ടിൽ അറബിയിൽ ഉയർന്നുവന്ന യുക്തിയിലൂന്നിയ ആശയങ്ങളും സ്വാധീനം ചെലുത്തി. ആ ചരിത്രകാലഘട്ടത്തിൽ ആസാദ്‌ ഉൾപ്പെടെ നേതൃത്വം നൽകിയ ഇത്തരം ധാരയെ ദേശീയ മുസ്ലിം എന്നാണ് വിശേഷിപ്പിച്ചത്. ഈ മഹത്തായ ധാരയെയാണ് സംഘപരിവാറുകാർ ചരിത്രത്തിൽനിന്ന് നിഷ്കാസനം ചെയ്യുന്നത്.

മതവിശ്വാസിയായി നിന്നുകൊണ്ടുതന്നെ മതനിരപേക്ഷതയുടെ കാഴ്ചപ്പാടുകൾക്ക്‌ കരുത്തുപകരുകയാണ് മതവിശ്വാസികളുടെ കടമ. ഈ ആശയം സ്വന്തം ജീവിതംകൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു മൗലാന അബുൾ കലാം ആസാദ്. ഹിന്ദുത്വ വർഗീയ ചിന്തകൾ ഒരു ഭാഗത്ത് ന്യൂനപക്ഷ ജനവിഭാഗങ്ങളെ കൊന്നൊടുക്കുകയും മറുഭാഗത്ത് അവരെ വന്ദിക്കുകയും ചെയ്യുകയാണ്. ഗാന്ധിജിയുടെ പാദങ്ങൾ വന്ദിച്ച ശേഷമാണ് ഗോഡ്സെ നിറയൊഴിച്ചതെന്ന് നാം വിസ്മരിക്കരുത്.

സംഘപരിവാർ ഉയർത്തുന്ന നുണയുടെയും ചരിത്രവിരുദ്ധതയുടെയും കാഴ്ചപ്പാടുകൾക്ക് ആയുസ്സ് ഏറെയുണ്ടാകില്ല. കവി പറഞ്ഞതുപോലെ ‘എല്ലാ കോട്ടകൊത്തളങ്ങളും ഒരിക്കൽ പുരാവസ്തുവാകും. എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും. എല്ലാ സുൽത്താന്മാരും വെളിച്ചം കടക്കാത്ത ഇരുളറകളിലൂടെ ഒളിച്ചോടും...’

സ. പുത്തലത്ത് ദിനേശൻ
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം