Get Mystery Box with random crypto!

അതേസമയം തന്നെ അവശര്‍ക്കും അംഗപരിമിതര്‍ക്കുമായി സര്‍ക്കാര്‍ സേവ | CPIM Kerala

അതേസമയം തന്നെ അവശര്‍ക്കും അംഗപരിമിതര്‍ക്കുമായി സര്‍ക്കാര്‍ സേവനങ്ങൾ അവരുടെ വാതില്‍പ്പടിയില്‍ എത്തിക്കുകയുമാണ്.

പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈയും വീടുകളിലും ഓഫീസുകളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും ഹൈസ്പീഡ് ഇന്റര്‍നെറ്റും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങളും എല്ലാം ലഭ്യമാക്കിക്കൊണ്ട് മാത്രമല്ല കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നത്. കേരളത്തിന് വലിയ സാധ്യതകളുള്ള ഐ ടി മേഖലയിലാകെ വലിയ മാറ്റങ്ങളുണ്ടാക്കിക്കൊണ്ട് കൂടിയാണ്.

ഐ ടി മേഖലയുടെ പ്രാധാന്യം വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞുകൊണ്ട് അതിലേക്ക് ചുവടുവെച്ച ആദ്യ സംസ്ഥാനമാണ് കേരളം. വലിയ ദീര്‍ഘവീക്ഷണത്തോടെയാണ് 33 വര്‍ഷം മുമ്പ് 1990 ല്‍, രാജ്യത്തെ ആദ്യത്തെ ഐ ടി പാര്‍ക്കിന് അന്നത്തെ നായനാർ സര്‍ക്കാര്‍ തിരുവനന്തപുരത്തു തുടക്കം കുറിച്ചത്. ഇന്നിപ്പോള്‍ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും ഈ കേരളത്തില്‍ തന്നെയാണ് സ്ഥാപിതമായിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ആരംഭിക്കുന്നതും കേരളത്തിലാണ്.

2016 തൊട്ട് കേരളത്തിന്റെ ഐ ടി മേഖല കൈവരിച്ചത് സമാനതകളില്ലാത്ത മുന്നേറ്റമാണ്. 2016 ല്‍ കേരളത്തിലെ സര്‍ക്കാര്‍ ഐ ടി പാര്‍ക്കുകള്‍ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022 ല്‍ അത് 17,536 കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുന്നു. അതായത്, ആറു വര്‍ഷം കൊണ്ട് ഏകദേശം ഇരട്ടിയോളം വര്‍ദ്ധനവ്. 2016 ല്‍ സര്‍ക്കാര്‍ ഐ ടി പാര്‍ക്കുകളിലെ കമ്പനികളുടെ എണ്ണം 640 ആയിരുന്നെങ്കില്‍ 2022 ല്‍ അത് 1,106 ആയി വര്‍ദ്ധിച്ചു. ഐ ടി ജീവനക്കാരുടെ എണ്ണത്തിലും വലിയ തോതിലുള്ള വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. 2016 ല്‍ 78,068 പേരാണ് ഐ ടി പാര്‍ക്കുകളില്‍ തൊഴിലെടുത്തിരുന്നത് എങ്കില്‍ ഇന്നത് 1,35,288 ആയി ഉയര്‍ന്നിരിക്കുന്നു.

2021-22 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ചു 2022-23 ല്‍ 1,274 കോടി രൂപയുടെ വളര്‍ച്ചയാണ് ഐ ടി കയറ്റുമതിയുടെ കാര്യത്തില്‍ മാത്രം നമ്മള്‍ നേടിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 78 കമ്പനികളാണ് 2,68,301 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്തായി കേരളത്തില്‍ പുതിയ ഐ ടി ഓഫീസുകള്‍ ആരംഭിച്ചത്. ജി എസ് ടി കൃത്യമായി ഫയല്‍ ചെയ്തതിന് കേന്ദ്ര സര്‍ക്കാരിന്റെയും ക്രെഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യയുടെയും (ക്രിസില്‍) അംഗീകാരങ്ങള്‍ കേരളത്തിന് ഈ ഘട്ടത്തില്‍ ലഭിച്ചു. 2023 ജൂണ്‍ വരെ ക്രിസില്‍ എ പ്ലസ് ഗ്രേഡ് ലഭിച്ചത് മറ്റൊരു അഭിമാനകരമായ നേട്ടമാണ്.

ഐ ടി മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ക്രിയാത്മക ഇടപെടലുകള്‍ ഫലം കാണുന്നു എന്നാണ് ഈ നേട്ടങ്ങള്‍ വ്യക്തമാക്കുന്നത്. ഐ ടി മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും യുവതലമുറയ്ക്ക് നമ്മുടെ നാട്ടില്‍ തന്നെ മികച്ച തൊഴിലുകള്‍ ഉറപ്പുവരുത്താനുമുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നോളെജ് ഇക്കോണമി മിഷന്‍, യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം, കണക്ട് കരിയര്‍ റ്റു ക്യാമ്പസ്, ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് തുടങ്ങിയവയൊക്കെ അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ്.

സമാനമായ മുന്നേറ്റമാണ് നമ്മുടെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 7 വര്‍ഷംകൊണ്ട് 4,000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 5,500 കോടി രൂപയുടെ നിക്ഷേപവും 43,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ബെല്‍ജിയത്തില്‍ നടന്ന ലോക ഇന്‍ക്യുബേഷന്‍ ഉച്ചകോടിയില്‍ മികച്ച പബ്ലിക് ബിസിനസ് ഇന്‍ക്യുബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടത് കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ്.

കേരളത്തിന്റെ വ്യവസായ മേഖലയിലും വലിയ മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ അതിന്റെ മികച്ച ഉദാഹരണമാണ്. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഒരുലക്ഷത്തി നാല്‍പ്പതിനായിരം സംരംഭങ്ങള്‍ തുടങ്ങാന്‍ നമുക്കു സാധിച്ചു. 8,500 കോടി രൂപയുടെ നിക്ഷേപവും മൂന്നുലക്ഷത്തോളം തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടത്.

സംരംഭക വര്‍ഷ പദ്ധതിയുടെ രണ്ടാംഘട്ടം എന്ന നിലയ്ക്ക് 'മിഷന്‍ തൗസന്‍ഡ്' എന്ന പദ്ധതിയിലൂടെ 1,000 സംരംഭങ്ങളെ ശരാശരി 100 കോടി രൂപ വിറ്റുവരവുള്ളവയാക്കി വളര്‍ത്താനുള്ള സഹായങ്ങള്‍ ലഭ്യമാക്കുകയാണ്. അങ്ങനെ ഒരു ലക്ഷം കോടി രൂപയുടെ വിനിമയമാണ് നമ്മുടെ വ്യവസായ മേഖലയില്‍ പുതുതായി ഉണ്ടാകാന്‍ പോകുന്നത്. നിലവിലുള്ള സംരംഭങ്ങള്‍ അടച്ചുപൂട്ടാതെ മെച്ചപ്പെട്ട നിലയില്‍ തുടര്‍ന്നുപോകുന്നു എന്ന് ഉറപ്പുവരുത്താനുള്ള പ്രത്യേക ഇടപെടലും നടത്തുന്നുണ്ട്. അത്തരത്തില്‍ വ്യവസായമേഖലയില്‍ സുസ്ഥിരത ഉറപ്പുവരുത്തുമ്പോള്‍ തന്നെ ഈ സാമ്പത്തിക വര്‍ഷവും പുതിയ ഒരു ലക്ഷം സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളുമായാണ് മുന്നോട്ടുപോകുന്നത്.