🔥 Burn Fat Fast. Discover How! 💪

ഇതൊക്കെ നമ്മുടെ സാമ്പത്തിക മേഖലയെയാകെ ചടുലമാക്കിയിരിക്കുകയാണ്. | CPIM Kerala

ഇതൊക്കെ നമ്മുടെ സാമ്പത്തിക മേഖലയെയാകെ ചടുലമാക്കിയിരിക്കുകയാണ്. 2016 ല്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം അത് 10.17 ലക്ഷം കോടി രൂപയിലേക്കെത്തിയിരിക്കുന്നു. അതായത്, കഴിഞ്ഞ 7 വര്‍ഷംകൊണ്ട് 84 ശതമാനം വര്‍ദ്ധനവ്. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം 1.48 ലക്ഷം രൂപയായിരുന്നു 2016 ല്‍. ഇന്നത് 2.28 ലക്ഷം രൂപയായി ഉയര്‍ന്നിരിക്കുന്നു. 54 ശതമാനത്തിലധികം വര്‍ദ്ധനവ്.

കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം 12 ശതമാനവും വ്യാവസായിക അനുബന്ധ മേഖല 17.3 ശതമാനവും വളര്‍ച്ചയാണ് കൈവരിച്ചത്. കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 65 ശതമാനവും സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനമാണ്. ചില സംസ്ഥാനങ്ങള്‍ക്ക് ഇത് 25 ശതമാനം മാത്രമാണ്. ദേശീയ ശരാശരിയാകട്ടെ 55 ശതമാനവും. കേരളത്തിന്റെ കടത്തെ ജി എസ് ഡി പിയുടെ 39 ശതമാനത്തില്‍ നിന്നും 35 ശതമാനത്തില്‍ താഴെയെത്തിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വിധത്തില്‍ എല്ലാ തലങ്ങളിലും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെയും അതിനടിസ്ഥാനം നല്‍കുന്ന വികസന പ്രവര്‍ത്തനങ്ങളുടെയും ഫലം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തുകയാണ്. ആ വിധത്തില്‍ എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന ഒരു സുസ്ഥിര വികസന സമീപനമാണ് കേരളത്തിലെ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ലൈഫ് ഭവന പദ്ധതി മുഖേന മൂന്നര ലക്ഷത്തിലധികം വീടുകള്‍ നല്‍കി. മൂന്ന് ലക്ഷത്തോളം ആളുകള്‍ക്ക് ഭൂമി ലഭ്യമാക്കി. മൂന്നര ലക്ഷത്തോളം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കി. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കിവരികയാണ്. 63 ലക്ഷം ആളുകള്‍ക്കാണ് 1,600 രൂപ നിരക്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുന്നത്. 42 ലക്ഷത്തിലേറെ ആളുകള്‍ക്കാണ് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നത്.

ഇങ്ങനെ സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിക്കാന്‍ ഉതകുന്ന സമഗ്രമായ ഇടപെടലുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവയിലൂടെ അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ നിലയിലേക്ക് ഉയര്‍ത്തുകയാണ്. അതിനായി കാര്‍ഷിക നവീകരണം, വ്യവസായ പുനഃസംഘടന, നൈപുണ്യവികസനം എന്നിവയില്‍ ഊന്നുകയാണ്. അതിനൊക്കെ ഉത്തേജനം പകരുന്നതാണ് കെ-ഫോണ്‍ പദ്ധതി.

കെ-ഫോണ്‍ ഒരു പൊതുമേഖലാ സംരംഭമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ക്ഷയിപ്പിക്കുകയും വിറ്റുതുലയ്ക്കുകയും ചെയ്യുന്ന നയ-നിലപാടുകള്‍ക്കുള്ള കേരളത്തിന്റെ ബദലാണിത്. കേന്ദ്രം വില്‍പ്പനയ്ക്കുവെച്ച ഭെല്‍ - ഇ എം എല്‍, എച്ച് എന്‍ എല്‍ എന്നിവയൊക്കെ ഏറ്റെടുത്ത് നവീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ ബദല്‍ കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണിത്. ടെലികോം മേഖലയിലുള്ള ബി എസ് എന്‍ എല്ലിന്റെ ഇന്നത്തെ അവസ്ഥ നമുക്കറിയാം. മുമ്പ് വി എസ് എന്‍ എല്ലിന് എന്താണ് സംഭവിച്ചത് എന്നും നമുക്കറിയാം. എല്‍ ഐ സിയോട് ഇപ്പോള്‍ സ്വീകരിക്കുന്ന സമീപനമെന്താണെന്ന് നാം കാണുന്നുണ്ട്. ഇത്തരമൊരു പൊതു ദേശീയ സാഹചര്യത്തില്‍ ബദല്‍ ഉയര്‍ത്തിക്കൊണ്ട് കേരളം പൊതുമേഖലയ്‌ക്കൊപ്പം നില്‍ക്കുമെന്ന ഉറച്ച പ്രഖ്യാപനം കൂടിയാണ് കെ-ഫോണ്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലൂടെ നമ്മള്‍ നടത്തിയിരിക്കുന്നത്.

കെ-ഫോണ്‍ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാനായി അക്ഷീണം യത്‌നിച്ച എല്ലാവരെയും ഈ ഘട്ടത്തില്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുകയാണ്. സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുന്നതിനും ഇ-ഗവേണന്‍സ് സാര്‍വ്വത്രികമാക്കുന്നതിനും കെ-ഫോണ്‍ സഹായകമാവും. അങ്ങനെ ഇത് നവകേരള നിര്‍മ്മിതിയെ കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്യും.

ആധുനിക കാലത്ത് കേരളം ലോകരാജ്യങ്ങളുടെ ഗതിവേഗത്തിനൊത്തു തന്നെ നീങ്ങുമെന്ന് ഉറപ്പു നല്‍കിക്കൊണ്ട് വളരെ സന്തോഷത്തോടെ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെ-ഫോണ്‍ ജനങ്ങള്‍ക്കു സമര്‍പ്പിച്ചതായി പ്രഖ്യാപിക്കുന്നു.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി