Get Mystery Box with random crypto!

ആ നിലയ്ക്ക് സമ്മേളനങ്ങളിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ കൃത്യമായി | CPIM Kerala

ആ നിലയ്ക്ക് സമ്മേളനങ്ങളിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

രണ്ടാം ലോക കേരളസഭ മുതൽ തുടർച്ചയായി ഉന്നയിക്കപ്പെട്ട വിഷയമായിരുന്നു റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികൾക്കുള്ള പരാതികൾ പരിഹരിക്കാനുള്ള ഓൺലൈൻ സംവിധാനം. പ്രധാനമായും അമേരിക്കയിലെ പ്രതിനിധികളായിരുന്നു ഇത് ഉന്നയിച്ചത്. ഇക്കഴിഞ്ഞ മേയ് 17 ന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവാസികളുടെ റവന്യൂ പരാതികൾ സ്വീകരിക്കാൻ 'പ്രവാസി മിത്രം' എന്ന പോർട്ടൽ ആരംഭിച്ചിട്ടുണ്ട് എന്നറിയിക്കട്ടെ. രണ്ടാം ലോക കേരളസഭയിൽ ഉയർന്നുവന്ന മറ്റൊരു നിർദ്ദേശമാണ് നാട്ടിൽ തിരികെയെത്തുന്ന പ്രവാസികൾക്കായുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്. അതും സജ്ജമാണ് എന്നറിയിക്കട്ടെ. തിരികെയെത്തിയവർക്കും നിലവിൽ വിദേശത്ത് ഉള്ളവർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

മൂന്നാം ലോക കേരളസഭയിൽ ഉയർന്ന ഏറ്റവും പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന് പ്രവാസികളുടെ വിവരശേഖരണത്തിനായി ഒരു ഡിജിറ്റൽ ഡേറ്റ പ്ലാറ്റ്‌ഫോം രൂപീകരിക്കുക എന്നതായിരുന്നു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് നോർക്ക റൂട്‌സ് നിർമ്മിക്കുന്ന പോർട്ടലിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ് എന്നറിയിക്കട്ടെ. മൂന്നാം ലോക കേരളസഭയിൽ ഉയർന്നുവന്ന പ്രവാസികൾക്കായുള്ള സമഗ്ര ഇൻഷുറൻസ് സംവിധാനമൊരുക്കലും അതിന്റെ അവസാനഘട്ടത്തിലാണ്. ഇത്തരത്തിൽ പ്രവാസികൾ സമർപ്പിച്ച മൂർത്തമായ എല്ലാ നിർദ്ദേശങ്ങളും നടപ്പിലാക്കുകയാണ് ഈ സർക്കാർ എന്നറിയിക്കട്ടെ.

കേരളത്തിനകത്തും പുറത്തുമുള്ള മുഴുവൻ കേരളീയരുടെയും കൂട്ടായ്മയും പുരോഗതിയും ഉറപ്പുവരുത്താനുള്ള നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. പ്രവാസി മലയാളികളുടെ ക്ഷേമം മുൻനിർത്തി നോർക്ക വകുപ്പിന്റെ നേതൃത്വത്തിൽ നോർക്ക റൂട്ട്‌സും പ്രവാസി ക്ഷേമനിധി ബോർഡും നടത്തിവരുന്ന പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏഴു വർഷങ്ങൾക്കൊണ്ട് പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതത്തിൽ അഞ്ചിരട്ടി വർദ്ധനയാണ് സംസ്ഥാന സർക്കാർ വരുത്തിയിട്ടുള്ളത്. തിരികെയെത്തിയ പ്രവാസികൾക്കുള്ള പ്രധാന പുനരധിവാസ പദ്ധതിയായ എൻഡിപ്രേം വഴി 6,600 ൽ അധികം സംരംഭങ്ങൾ ഇതിനോടകം വിജയകരമായി ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള പുനരധിവാസ പദ്ധതികൾക്കു പുറമെ കോവിഡ് സമയത്ത് തൊഴിൽ നഷ്ടപ്പെട്ടു തിരികെയെത്തിയ പ്രവാസികൾക്കായി 'പ്രവാസി ഭദ്രത' എന്ന പുനരധിവാസ പദ്ധതി ആരംഭിച്ചു. അതിന്റെ ഭാഗമായി കുടുംബശ്രീ വഴിയും ബാങ്കുകൾ വഴിയും സബ്‌സിഡി വായ്പകൾ നൽകി. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് 14,166 സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പുനരധിവാസ പദ്ധതികൾ പോലെ പ്രാധാന്യമർഹിക്കുന്നവയാണ് നോർക്കയുടെ സമാശ്വാസ പദ്ധതികൾ. ശാരീരികവും സാമ്പത്തികവുമായ അവശതകൾ നേരിടുന്ന, തിരികെയെത്തിയ 24,600 ൽപ്പരം പ്രവാസികൾക്കായി കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 151 കോടി രൂപയാണ് ചിലവഴിച്ചത്.

കോവിഡ് പ്രതിസന്ധി കാലത്ത് നടത്തിയ ഇടപെടലുകൾ പോലെ തന്നെ പ്രധാനമാണ് യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും പൊട്ടിപ്പുറപ്പെട്ട ഇടങ്ങളിൽ നിന്ന് മലയാളിപ്രവാസികളെ നാട്ടിലെത്തിക്കാനായി നടത്തിയ ഇടപെടലുകൾ. ലോക കേരളസഭാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഏകോപനത്തോടെയാണ് അവ ഫലപ്രദമായി നടപ്പിലാക്കിയത്.

അടിയന്തര ഘട്ടങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികളെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യൻ മിഷനുകളുമായും ചേർന്ന് പ്രവർത്തിച്ചാണ് അപകടം നിറഞ്ഞ ഇടങ്ങളിൽ നിന്ന് മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നത്. യുക്രെയിൻ, ലിബിയ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, സുഡാൻ, എന്നീ രാജ്യങ്ങളിൽ നിന്നും ഏറ്റവുമൊടുവിൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നിന്നും മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചു. അതിലൊക്കെ പ്രവാസികളും പ്രവാസി സംഘടനകളും നൽകിയ പിന്തുണ വളരെ വലുതായിരുന്നു. അവരെ എല്ലാവരെയും ഈ ഘട്ടത്തിൽ ഹാർദ്ദമായി അഭിനന്ദിക്കട്ടെ.

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും ഇതര ക്ഷേമ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് സുരക്ഷിത കുടിയേറ്റം ഉറപ്പുവരുത്താൻ നടത്തുന്ന ഇടപെടലുകൾ. നോർക്ക റൂട്ട്‌സിന്റെ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് വിഭാഗം നിയമപരവും സുതാര്യവും സുരക്ഷിതവുമായ മാർഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് കുടിയേറ്റം നടത്താൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്നുണ്ട്. പരമ്പരാഗത ലക്ഷ്യസ്ഥാനങ്ങളായ ഗൾഫ് രാജ്യങ്ങളിൽ നിന്നുമാറി യൂറോപ്പിൽ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താൻ നോർക്ക റൂട്ട്‌സിനു സാധിക്കുന്നുണ്ട്.

നോർക്ക റൂട്ട്‌സും ജർമ്മൻ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും തമ്മിൽ ജർമ്മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ട്രിപ്പിൾ വിൻ കരാർ 2022 ഡിസംബർ മാസം രണ്ടാം തീയതി ഒപ്പു വെച്ചിട്ടുണ്ട്. കരാർ പ്രകാരം ആദ്യ ഘട്ടത്തിൽ 200 ഓളം നേഴ്‌സുമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. അവർക്ക് ആവശ്യമായ ഭാഷാ പരിശീലനം നൽകിവരികയാണ്.