Get Mystery Box with random crypto!

മറ്റ് തൊഴിൽ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ വേണ്ട തുടർനടപ | CPIM Kerala

മറ്റ് തൊഴിൽ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ വേണ്ട തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. 2023 ഒക്‌ടോബറിൽ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് ആരംഭിക്കും.

നോർക്ക റൂട്ട്‌സും യു കെയിൽ എൻ എച്ച് എസ് പ്രവർത്തനങ്ങൾ ലഭ്യമാക്കുന്ന 42 ഇന്റഗ്രേറ്റഡ് കെയർ പാർട്ണർഷിപ്പുകളിൽ ഒന്നായ ഹമ്പർ ആൻഡ് യോർക്ഷയറും യു കെയിലെ മാനസികാരോഗ്യ സേവനരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും ചേർന്ന് 2022 ഒക്‌ടോബർ മാസം ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ നവംബർ മാസം 21 മുതൽ 25 വരെ കൊച്ചിയിൽ ഒരാഴ്ച നീണ്ടുനിന്ന വിപുലമായ യു കെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. അതിൽനിന്നും വിവിധ തസ്തികകളിലായി 600 ൽ അധികം ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ 21 പേർക്ക് വിസ ലഭിച്ചിട്ടുണ്ട്. മുപ്പതോളം പേർ വിസയുടെ അപേക്ഷ സമർപ്പിക്കാനുള്ള നടപടികളിലാണ്.

കാനഡയിലെ ഗവൺമെന്റ് ഓഫ് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡർ, നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള താൽപര്യം അറിയിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ ആരോഗ്യം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, അക്കൗണ്ടിംഗ് മേഖലകളിൽ ഫിൻലൻഡിലേക്കും തിരെഞ്ഞെടുത്ത 14 തൊഴിൽ മേഖലകളിൽ ജപ്പാനിലേക്കും കേരളത്തിൽ നിന്ന് റിക്രൂട്ട്‌മെന്റ് നടത്താനുള്ള സാധ്യതകൾ സജീവമായി പരിശോധിച്ചു വരികയാണ്.

ഇത്തരം റിക്രൂട്ട്‌മെന്റ് പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാനായി 2023 മാർച്ചിൽ വിവിധ വിദേശ ഭാഷകളിൽ പരിശീലനം നൽകുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബി പി എൽ വിഭാഗത്തിനും എസ് സി, എസ് ടി വിഭാഗങ്ങൾക്കും പഠനം സൗജന്യമായിരിക്കും. പൊതുവിഭാഗത്തിലുള്ളവർക്ക് 75 ശതമാനം ഫീസ് ഇളവിൽ പരിശീലനം സാധ്യമാകും. തൊഴിൽദാതാക്കൾക്ക് മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും കഴിയുന്ന ഒരു മൈഗ്രേഷൻ ഫെസിലിറ്റേഷൻ കേന്ദ്രമായി ഈ പഠന കേന്ദ്രത്തെ പരിവർത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

വിദേശത്തേക്ക് ജോലിക്കായി നിയമവിരുദ്ധ റിക്രൂട്ട്‌മെന്റുകൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേരള പോലീസും സംസ്ഥാന സർക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സും സംയുക്തമായി ഓപ്പറേഷൻ ശുഭയാത്ര എന്ന പേരിൽ ഇതിനെതിരെ ഒരു നടപടി കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പരും ഇമെയിൽ ഐഡികളും ഏർപ്പെടുത്തിയിട്ടുണ്ട്.

അന്തർദേശീയ തലത്തിൽ വളർന്നുവരുന്ന വിദേശ തൊഴിൽ മേഖലകളും അവയിലെ കുടിയേറ്റത്തിന്റെ സാധ്യതകളും തിരിച്ചറിയുന്ന പഠനം നടത്തുന്നതിനുള്ള നടപടികൾ കോഴിക്കോട് ഐ ഐ എമ്മുമായി സഹകരിച്ച് കൈക്കൊണ്ടിട്ടുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട കൃത്യമായ നയരൂപീകരണത്തിന് ആധികാരികമായ ഡേറ്റ ആവശ്യമാണ്. അത്തരത്തിൽ വിശ്വസനീയമായ ഡേറ്റ ലഭ്യമാക്കുന്നതിനായി ഈ വർഷം തന്നെ കേരള മൈഗ്രേഷൻ സർവേയുടെ പുതിയ റൗണ്ട് നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികൾക്കുവേണ്ട വികസനക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ ഇതുപകരിക്കും.

അമേരിക്കൻ മലയാളികൾക്കൊക്കെ പ്രയോജനപ്പെടുത്താവുന്ന സംവിധാനമാണ് പ്രവാസികൾക്കും തിരികെയെത്തിയ പ്രവാസികൾക്കും കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്റർ. നിലവിൽ 136 സംരംഭങ്ങളാണ് ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്ററിലൂടെ ആരംഭിച്ചിട്ടുള്ളത്. നിലവിൽ 85 സംരംഭകർക്ക് പിന്തുണ നൽകുന്നുമുണ്ട്. നിലവിലുള്ള പദ്ധതികൾക്കു പുറമെ പ്രവാസി നിക്ഷേപകർക്ക് കൂടുതൽ സഹായം നൽകാനായി നോർക്ക അസ്സിസ്‌റ്റെഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (നെയിം), നോർക്ക സോൺ എന്നീ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

നോർക്ക റൂട്ട്‌സ് പോലെ തന്നെ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്ന സ്ഥാപനങ്ങളാണ് പ്രവാസി ക്ഷേമനിധി ബോർഡും മലയാളം മിഷനും. ക്ഷേമനിധി അംഗങ്ങളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് ഉയർത്താനും സംസ്ഥാന വികസനത്തിനു മുതൽക്കൂട്ടാകുന്ന പ്രവാസി ഡിവിഡന്റ് പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനും ക്ഷേമനിധി ബോർഡിനു സാധിക്കുന്നുണ്ട്. പ്രവാസി കേരളീയർക്കുള്ള ക്ഷേമ പരിപാടികൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായും പ്രവാസി നിക്ഷേപങ്ങൾ ഫലപ്രദമായി നാടിന്റെ പൊതുവായ വികസനത്തിനായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായും കേരള സർക്കാർ മുന്നോട്ടു വെക്കുന്ന ദീർഘകാല നിക്ഷേപ പദ്ധതിയാണ് 'പ്രവാസി ഡിവിഡന്റ് പദ്ധതി'. നിലവിൽ പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ നിക്ഷേപം മുന്നൂറു കോടി കവിഞ്ഞിട്ടുണ്ട്.

മാതൃഭാഷ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഭാഷയുടെ വളർച്ച സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് വലിയ സംഭാവനയാണ് നൽകുന്നത്. ആ നിലയ്ക്ക് വലിയൊരു ദൗത്യമാണ് മലയാളമിഷൻ ഏറ്റെടുത്തിരിക്കുന്നത്. മലയാളഭാഷയുടെ പ്രചരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മലയാളം മിഷൻ പ്രവാസികളുടെ ഇടയിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നത്.