Get Mystery Box with random crypto!

ഇന്ത്യയുടെ നിയമവ്യവസ്ഥയിൽ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെടുത്തി | CPIM Kerala

ഇന്ത്യയുടെ നിയമവ്യവസ്ഥയിൽ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെടുത്തി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഏക സിവിൽ കോഡ്‌ നടപ്പാക്കാനുള്ള തീവ്രശ്രമങ്ങൾ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആരംഭിച്ചിരിക്കയാണ്‌. 2016ൽ ഇത്തരമൊരു നിയമത്തിന്റെ സാധ്യത പരിശോധിക്കാൻ 21-ാം ലോ കമീഷനോട്‌ കേന്ദ്രം ആവശ്യപ്പെട്ടു. ബിജെപിയുടെ തെറ്റായ രാഷ്ട്രീയലക്ഷ്യങ്ങൾക്കായുള്ള ചുവടുവയ്‌പായിരുന്നു അത്‌. എന്നാൽ, അതീവ സങ്കീർണമായ ഒരു നയംമാറ്റമെന്ന നിലയിൽ സിപിഐ എം ഉൾപ്പെടെയുള്ള പാർടികൾ അതിനെ ശക്തമായി വിമർശിച്ചു. അതിലെ തെറ്റായ രാഷ്ട്രീയ ലക്ഷ്യവും ന്യൂനപക്ഷ വിരുദ്ധതയുമാണ്‌, പ്രത്യേകിച്ച്‌ മുസ്ലിം വിരുദ്ധ സമീപനങ്ങളെയാണ്‌ കടുത്ത ഭാഷയിൽ സിപിഐ എം എതിർത്തത്‌.

ഇത്തരമൊരു നിയമം അനിവാര്യവും അഭികാമ്യവുമല്ലെന്ന നിലയിലാണ്‌ 2018 ആഗസ്‌തിൽ 21-ാം ലോ കമീഷൻ എത്തിച്ചേർന്നത്‌. എന്നാൽ, പുതിയ ലോ കമീഷൻ വീണ്ടും ഈ വിഷയം മുഖ്യ ചർച്ചയായി കൊണ്ടുവരികയും വിവിധ രാഷ്ട്രീയ പാർടികളുടെയും സംഘടനകളുടെയും അഭിപ്രായങ്ങൾ ആരായുകയും ചെയ്‌തിരിക്കയാണ്‌. ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനു വേണ്ടിയുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ്‌, ഗുജറാത്ത്‌, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങൾ ആരംഭിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ്‌ പരാജയത്തിന്‌ തൊട്ടുമുമ്പ്‌ കർണാടകത്തിലെ ബിജെപി സർക്കാർ ഏക സിവിൽ കോഡ്‌ നടപ്പാക്കുമെന്നും അതിന്റെ തുടർച്ചയായി പൗരത്വനിയമ ഭേദഗതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മുസ്ലിങ്ങൾക്ക്‌ ഉണ്ടായിരുന്ന പിന്നാക്ക സംവരണ ആനുകൂല്യം കർണാടകത്തിലെ ബിജെപി സർക്കാർ എടുത്തുകളയുകയും ചെയ്‌തു. കർണാടകത്തിലെ തെരഞ്ഞെടുപ്പ്‌ തിരിച്ചടിക്കുശേഷം ഭോപാലിൽ നടന്ന പൊതുയോഗത്തിൽ ഏക സിവിൽ കോഡ്‌ രാജ്യത്തിന്‌ ആവശ്യമാണെന്ന്‌ പ്രധാനമന്ത്രി വ്യക്തമാക്കി. 2024ലെ തെരഞ്ഞെടുപ്പിനുമുമ്പ്‌ രാജ്യത്തെ തീവ്രവർഗീയവൽക്കരണത്തിനായി ഏക സിവിൽ നിയമം മുഖ്യവിഷയമാക്കാനാണ്‌ ബിജെപി ലക്ഷ്യമിടുന്നതെന്ന്‌ ഇതിലൂടെ വ്യക്തമാകുകയാണ്‌. കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുക, ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചിടത്ത്‌ രാമക്ഷേത്രം പണിയുക എന്നീ ആർഎസ്‌എസ്‌ അജൻഡകൾ പൂർത്തിയാക്കി, ഏക സിവിൽ നിയമം നടപ്പാക്കി ഹിന്ദുത്വരാഷ്ട്ര ലക്ഷ്യത്തിലേക്ക്‌ സംഘപരിവാർ വേഗത്തിൽ നീങ്ങുന്നു എന്നതാണ്‌ വ്യക്തമാകുന്നത്‌.

ഭരണഘടനാ ശിൽപ്പികൾ ഭരണഘടനാ നിർമാണസഭയിൽ വിപുലമായ ചർച്ചയ്‌ക്കുശേഷമാണ്‌ ഓരോ വകുപ്പുകളും അംഗീകരിച്ചത്‌. എന്നാൽ, ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ്‌ നിയമം തുടങ്ങി പൊതുവായുള്ള എക്‌സിക്യൂട്ടീവ്‌ നിയമങ്ങൾ എല്ലാവർക്കും ബാധകമാക്കിയപ്പോൾത്തന്നെ ഇന്ത്യയിലെ സാമൂഹ്യ യാഥാർഥ്യം ഉൾക്കൊണ്ട്‌ വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും വ്യക്തിനിയമങ്ങൾ പ്രത്യേക നിയമങ്ങളായി തുടരാനാണ്‌ തീരുമാനിച്ചത്‌. ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ, സിഖ്‌, പാഴ്‌സി തുടങ്ങിയ മതങ്ങളെപ്പോലെ തന്നെ വൈവിധ്യമാർന്ന ആചാരാനുഷ്‌ഠാനങ്ങളുള്ള നൂറുകണക്കിന്‌ ഗോത്രവിഭാഗങ്ങൾകൂടി ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ബഹുസ്വരതയെ ഉൾക്കൊണ്ടാണ്‌ അത്തരമൊരു തീരുമാനം എടുക്കാനിടയായത്‌. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശങ്ങൾ, പാരമ്പര്യാവകാശങ്ങൾ, സ്വത്തിന്റെ ഉടമസ്ഥാവകാശം, ദത്തെടുക്കൽ, വിവാഹശേഷമുള്ള സ്വത്തവകാശം ഇവയിലെല്ലാം വ്യത്യസ്‌തത പുലർത്തുന്ന വ്യവസ്ഥകളാണ്‌ വിവിധ വ്യക്തിനിയമങ്ങൾക്ക്‌ അടിസ്ഥാനമായുള്ളത്‌. സ്വാഭാവികമായും അത്തരം നിയമപരിധിയിൽ വരുന്ന ജനവിഭാഗങ്ങളുടെ സാംസ്‌കാരിക പ്രത്യേകതകളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇത്തരം വ്യക്തിനിയമങ്ങൾ വിവിധ ഘട്ടങ്ങളിൽ പരിഷ്‌കരിക്കുകയും ചെയ്‌തിട്ടുണ്ട്‌. 1956ലെ ഹിന്ദുകോഡ്‌ ഈ നിലയിൽ ഹൈന്ദവ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട്‌ വ്യക്തിനിയമങ്ങളിൽ വരുത്തിയ ചില പരിഷ്‌കരണങ്ങളായിരുന്നു. പുരോഗമനപരമായ ഈ പരിഷ്‌കരണങ്ങളെ ഏറ്റവും ശക്തമായി എതിർത്തത്‌ ജനസംഘവും അതിന്റെ നേതാവായ ശ്യാമപ്രസാദ്‌ മുഖർജിയുമായിരുന്നു.

ഇതിനെത്തുടർന്ന്‌ വിവിധ യാഥാസ്ഥിതിക വിഭാഗങ്ങളുടെ സമ്മർദത്തിനു വഴങ്ങി ഹിന്ദുകോഡിനെ നാല്‌ നിയമങ്ങളാക്കി മാറ്റി. അതിൽ സ്‌ത്രീവിരുദ്ധമായ വിവിധ വകുപ്പുകൾ കൂട്ടിച്ചേർക്കുകയുണ്ടായി. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമഭേദഗതിവഴി കൃഷിഭൂമിയിലുള്ള സ്‌ത്രീകളുടെ അവകാശങ്ങളിൽ ഭേദഗതി വരുത്തി. സ്‌പെഷ്യൽ മാര്യേജ്‌ ആക്ടും സ്‌ത്രീവിരുദ്ധമായ വിധത്തിൽ പിന്നീട്‌ ഭേദഗതി വരുത്തി.
ഭൂഅവകാശം, പിന്തുടർച്ചാനിയമങ്ങൾ, പാരമ്പര്യസ്വത്തിലെ അവകാശം, കുട്ടികളുടെ രക്ഷാകർതൃത്വം എന്നീ മേഖലകളിൽ ഇപ്പോഴും സ്‌ത്രീവിരുദ്ധമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പല ഹിന്ദുനിയമങ്ങളും. വിഖ്യാതമായ മേരി റോയ്‌ കേസിൽ പിതൃസ്വത്തിൽ അതുവരെ നിലവിലില്ലാതിരുന്ന സ്വത്തവകാശം സുപ്രീംകോടതി അംഗീകരിക്കുകയുണ്ടായി. ഷാബാനു കേസിലെ സ്‌ത്രീകളുടെ ജീവനാംശം ഉറപ്പാക്കുന്നതരത്തിലുള്ള സുപ്രീംകോടതി വിധിയും വ്യക്തിനിയമങ്ങളിലെ സ്‌ത്രീവിരുദ്ധ ഭാഗങ്ങൾ ചർച്ചയ്‌ക്ക്‌ വിധേയമാക്കാനിടയാക്കി.