Get Mystery Box with random crypto!

കണക്കുകള്‍ കാര്യം പറഞ്ഞില്ലെങ്കില്‍ കേരളം വഞ്ചിക്കപെടും. മുന | CPIM Kerala

കണക്കുകള്‍ കാര്യം പറഞ്ഞില്ലെങ്കില്‍ കേരളം വഞ്ചിക്കപെടും.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശ്രീ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് ശേഷം ഒട്ടുമിക്ക മാധ്യമങ്ങളും അദ്ദേഹത്തെ ജനനായകൻ പദവി നൽകി പരിപോഷിപ്പിക്കുകയാണ്. എന്നാൽ ഇത്തരം അവ്യക്തമായ പ്രചാരങ്ങളാൽ സമൂഹത്തിനു മുന്നിൽ യാഥാർഥ്യങ്ങൾ ചവിട്ടി അരയ്ക്കപ്പെടും. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ നെറികേടാണ് മറയ്ക്കപ്പെടുന്നത്. കോണ്‍ഗ്രസ് ഭരണകാലത്തെ ഓരോ രേഖകളും അവരുടെ ദൗർഭല്യത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, ദേശീയപാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, വിഴിഞ്ഞം തുറമുഖം ഇതൊക്കെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കഴിവ് കേടിന്റെ പച്ചയായ സത്യങ്ങൾ ആണ്. ആരാന്റെ കൊച്ചിന്റെ പിതൃത്വം ചുമക്കുന്നവര്‍ ആയിരിക്കുന്നു കോണ്‍ഗ്രസ് .

കൊച്ചി മെട്രോ തന്നെ ആദ്യ ഉദാഹരണം ,ബഡ്ജറ്റ് ഒതുങ്ങില്ലെന്ന് കണ്ടപ്പോള്‍ ഓരോ ഘട്ടവും അവിടെ വെച്ച് നിർത്തി. ഗെയില്‍ പൈപ്പ് ലൈന്‍, സ്ഥലമേറ്റെടുപ്പും, പ്രതിഷേധവും കണ്ടപ്പോള്‍ ആ വഴിക്ക് ഉമ്മൻ സർക്കാർ പോയില്ല , പിന്നെ ദേശീയ പാത വികസനവും സമാനം, പ്രതിഷേധവും സ്ഥലമേറ്റെടുപ്പും വെല്ലുവിളിയായി. ആ വികസനവും പൊടിപ്പിടിച്ച് കിടന്നു. ഇതില്‍ ഏറ്റവും തമാശ ഇതൊന്നുമല്ല, കണ്ണൂര്‍ വിമാനത്താവളമാണ്. അവിടെയും വീണു ഉമ്മൻ, ഒടുവില്‍ 5 വര്‍ഷക്കാലം അവസാനിക്കാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ ഓടിവന്ന് ഒരു ഉദ്ഘാടനം. ഏത് ചെറിയ എയര്‍ സ്ട്രിപ്പിലും ഇറക്കാവുന്ന വ്യോമസേനയുടെ ഡോണിയര്‍ വിമാനം ഇറക്കിയായിരുന്നു ആ ഉദ്ഘാടനം നടത്തിയത്.

ഇതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 5വര്‍ഷക്കാലം കേരളത്തില്‍ നടന്നത്. ഓടിനടക്കുന്നു, അവിടെ അവിടെയായി കുറെ കല്ലുകള്‍ ഇടുന്നു, കാട് പിടിക്കുന്നു. ഇതിനിടയില്‍ 600 രൂപയുടെ ക്ഷേമപെന്‍ഷന്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നു.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി, ഉറച്ച നിലപാടും പ്രവര്‍ത്തനങ്ങളും കൊണ്ട് ചാണ്ടി സാറ് ഇട്ട കല്ല് പുല്ല് പിടിച്ച് കിടന്നില്ല. കേരളത്തില്‍ ഒരിക്കലും നടപ്പാവില്ലെന്ന് പ്രതിപക്ഷം കരുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കി. ഇപ്പോള്‍ പുതിയ പ്രചരണമാണ്, ഉമ്മന്‍ചാണ്ടിയുടെ ജനകീയത കണ്ട് ഇടതുപക്ഷം ഭയന്നു. ഉമ്മന്‍ചാണ്ടി ആദ്യമായി മുഖ്യമന്ത്രി പദം വഹിച്ചത് 2004-2006 ല്‍ ആയിരുന്നു. എ കെ. ആന്റണി രാജി വെച്ചതോടെയാണ് ഉമ്മന്‍ ചാണ്ടി 2004 ല്‍ മുഖ്യമന്ത്രിയായത്. പക്ഷേ തുടര്‍ന്ന് നടന്ന 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 98 സീറ്റ് നേടി എല്‍ഡിഎഫ് അധികാരം ഉറപ്പിച്ചു. പിന്നീട് വെറും 72 സീറ്റ് ലഭിച്ച്, കഷ്ടിച്ച് ഭൂരിപക്ഷം നേടി, 2011 ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നു. അന്ന് എല്‍ഡിഎഫിന് ഉണ്ട് 68 സീറ്റ്. അങ്ങനെ 2011-2016 കാലയളവില്‍ ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി. വീണ്ടും 2016 ല്‍ 91 സീറ്റ് നേടി എല്‍.ഡി.എഫ് അധികാരത്തില്‍ വന്നു. പിന്നീട് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുന്നില്‍ നിര്‍ത്തിയായിരുന്നു പ്രചരണം നയിച്ചത്. എന്നിട്ടും അവിടെയും പരാജയം ഏറ്റുവാങ്ങി.

ശേഷം, ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിന് തുടര്‍ഭരണം. അതും 99 സീറ്റ് നേടി വന്‍ വിജയത്തോടെ. ഇനി മറ്റൊരു കണക്ക് കൂടി നോക്കാം. പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷമാണത്. 2011 ല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 33255 വോട്ട് ആയിരുന്നു. 2016 ആയപ്പോള്‍ ഇത് 27092 ആയി കുറഞ്ഞു. ഏറ്റവും ഒടുവില്‍ 2021 ല്‍ ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയില്‍ കിട്ടിയ ഭൂരിപക്ഷം 9044 വോട്ട് മാത്രമായിരുന്നു. അതും എത്രയോ ജൂനിയറായ ജെയ്ക് .സി . തോമസിനോട് ഏറ്റുമുട്ടിയപ്പോഴായിരുന്നു എന്നോര്‍ക്കണം. ഇതേ നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷം 50,123 വോട്ട് ആയിരുന്നു എന്നതും കൂടി കൂട്ടിവായിക്കണം.
LDF ശക്തികേന്ദ്രങ്ങൾ വരെ നമ്മുടെ മാധ്യമങ്ങൾ UDF-ന് വിട്ടു കൊടുത്ത കാലം കൂടിയായിരുന്നു അത്. എന്നിട്ടും ഉമ്മൻ ചാണ്ടി പുതുപ്പള്ളി കഷ്ടിച്ചങ്ങ് കടന്നു കൂടുകയായിരുന്നു. യാഥാർഥ്യത്തെ എത്ര ഇരുട്ടിലാക്കാൻ നോക്കിയാലും കാലം കണക്കുകൾ കൊണ്ട് തോല്പിക്കുമെന്ന് ഇനിയും മനസിലാക്കുന്നത് നന്നായിരിക്കും. ഗതിക്കെട്ട ഭരണം സംസ്ഥാനത്ത്‌ നടപ്പാക്കിയ ഉമ്മൻ‌ചാണ്ടി സർക്കാരിനു മേൽ ജനനന്മ വിതറി ജനങ്ങളെ വിഡ്ഢികളാക്കാം എന്ന് കരുതിയാണ് നിങ്ങൾ ചില മാധ്യമങ്ങൾ തെരുവിൽ ഇറങ്ങിയതെങ്കിൽ നിങ്ങളൾക്ക് തെറ്റി. കണക്കുകള്‍ കഥ പറഞ്ഞില്ലെങ്കില്‍ കേരളം വഞ്ചിക്കപെടും.