🔥 Burn Fat Fast. Discover How! 💪

വൈകിയാണെങ്കിലും വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ കേരളത്തിലെ പാളങ്ങളില | CPIM Kerala

വൈകിയാണെങ്കിലും വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ കേരളത്തിലെ പാളങ്ങളിലൂടെയും ഓടാൻ തുടങ്ങിയിരിക്കുന്നു. ചൊവ്വാഴ്‌ച തിരുവനന്തപുരത്ത്‌ പ്രധാനമന്ത്രി മോദി ഫ്ലാഗ്‌ഓഫ്‌ ചെയ്യുന്നതോടെ രാജ്യത്തെ 14-ാമത്തെ വന്ദേഭാരത്‌ കേരളത്തിലൂടെ സർവീസ്‌ ആരംഭിക്കും. നാലുവർഷംമുമ്പ്‌ 2019 ഫെബ്രുവരി പതിനഞ്ചിനാണ്‌ ആദ്യത്തെ വന്ദേഭാരത്‌ എക്‌സ്‌പ്രസിന്‌ പ്രധാനമന്ത്രി മോദി പച്ചക്കൊടി കാട്ടിയത്‌. ഡൽഹിയിൽനിന്ന്‌, പ്രധാനമന്ത്രി ലോക്‌സഭയിൽ പ്രതിനിധാനംചെയ്യുന്ന വാരാണസിയിലേക്കായിരുന്നു ആദ്യത്തെ വന്ദേഭാരത്‌ ഓടിയത്‌. നാലുവർഷത്തെ കാത്തിരിപ്പിനുശേഷമാണ്‌ കേരളത്തിന്‌ അർഹമായ ഈ ട്രെയിൻ ലഭിക്കുന്നത്‌. സിൽവർ ലൈൻ പ്രോജക്ടിനു വേണ്ടി കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ സമ്മർദം ശക്തമാക്കിയില്ലായിരുന്നെങ്കിൽ ഇപ്പോഴും ഈ വന്ദേഭാരത്‌ കേരളത്തിന്‌ ലഭിക്കുമായിരുന്നില്ല. ഏതായാലും കേരളത്തിന്‌ നേരത്തേ തന്നെ ലഭിക്കേണ്ടിയിരുന്ന വന്ദേഭാരത്‌ വൈകിയാണെങ്കിലും ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്‌. കേരളത്തിന്റെ വികസനത്തിൽ താൽപ്പര്യമുള്ള സിപിഐ എം പൂർണമനസ്സോടെ തന്നെ വന്ദേഭാരത്‌ എക്‌സ്‌പ്രസിനെയും സ്വാഗതം ചെയ്യുകയാണ്‌.

എന്നാൽ, കേരളത്തിലെ റെയിൽ യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഒറ്റമൂലിയാണ്‌ വന്ദേഭാരത്‌ എന്ന വാദത്തോട്‌ ഒരുതരത്തിലും യോജിക്കാൻ കഴിയില്ല. ശാസ്‌ത്രസാങ്കേതിക വിദ്യയുടെ വികാസം റെയിൽവേയിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്‌. പുക തുപ്പുന്ന, കൂകിപ്പായുന്ന ആവി എൻജിനുകളുള്ള തീവണ്ടിയല്ല ഇന്ന്‌ ഓടുന്നത്‌. ഡീസൽ, ഇലക്‌ട്രിക് എൻജിനുകളാണ്‌ അവയ്‌ക്കുള്ളത്‌. മീറ്റർ ഗേജുകൾ ബ്രോഡ്‌ ഗേജുകളായി മാറിയിരിക്കുന്നു. ബോഗികളിലും വലിയ മാറ്റം വന്നിരിക്കുന്നു. രാജധാനി, ശതാബ്‌ദി ട്രെയിനുകളും വന്നു. ഇതിന്റെ തുടർച്ചയാണ്‌ വന്ദേഭാരതും. അതായത്‌ റെയിൽവേയിൽ ഉണ്ടായിട്ടുള്ള ശാസ്‌ത്രസാങ്കേതിക വളർച്ചയുടെ ഭാഗമായി ഇന്ത്യയിൽത്തന്നെ നിർമിക്കുന്ന സെമി ഹൈ സ്‌പീഡ്‌ ട്രെയിനാണ്‌ വന്ദേഭാരത്‌. ഇന്ത്യയിലെ ഒരു സംസ്ഥാനമെന്ന നിലയിൽ അത്‌ ലഭിക്കേണ്ടത്‌ കേരളത്തിന്റെ ന്യായമായ അവകാശമാണ്‌. കേന്ദ്രത്തിന്റെയോ കേന്ദ്ര ഭരണകക്ഷിയുടെയോ ഔദാര്യമായി ലഭിക്കേണ്ടതല്ല ഈ ട്രെയിൻ. ഫെഡറൽ സംവിധാനത്തിനോട്‌ ആദരവോ ബഹുമാനമോ ഇല്ലാത്തവരാണ്‌ അത്‌ കേന്ദ്രത്തിന്റെ ഔദാര്യമായി ചിത്രീകരിക്കുന്നത്‌.

കേരളത്തിലെ പിണറായി വിജയൻ സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക്‌ പകരമായാണ്‌ കേന്ദ്ര സർക്കാരും കേന്ദ്ര ഭരണകക്ഷിയും വന്ദേഭാരതിനെ അവതരിപ്പിക്കാൻ വിയർക്കുന്നത്‌. 160 കിലോമീറ്റർവരെ വേഗത്തിലോടാൻ കഴിയുന്നതാണ്‌ വന്ദേഭാരത്‌. എന്നാൽ, ആ വേഗത്തിൽ കേരളത്തിൽ ഓടാൻ കഴിയില്ലെന്ന്‌ ട്രയൽ റൺ തെളിയിച്ചു. ആദ്യ ട്രയൽ റണ്ണിൽ ശരാശരി വേഗം 70 കിലോമീറ്റർമാത്രം. ഒരു വിവരാവകാശരേഖ വ്യക്തമാക്കിയത്‌, ഇന്ത്യയിൽ വന്ദേഭാരതിനുള്ള ശരാശരി വേഗം 83 കിലോമീറ്റർ മാത്രമാണ്‌ എന്നാണ്‌. അതുപോലും കേരളത്തിൽ നേടാനായിട്ടില്ല. കൈവരിക്കാവുന്ന വേഗത്തിന്റെ പകുതിപോലും ശരാശരി വേഗം നേടാൻ വന്ദേഭാരതിന്‌ കേരളത്തിൽ കഴിയില്ലെന്ന്‌ വ്യക്തമായി. തിരുവനന്തപുരത്തുനിന്ന്‌ കണ്ണൂരിലേക്ക്‌ ഏഴു മണിക്കൂർ 10 മിനിറ്റ്‌ കൊണ്ടാണ്‌ വന്ദേഭാരത്‌ ഓടിയെത്തിയത്‌. അതായത്‌ രാജധാനിയേക്കാൾ 47 മിനിറ്റ്‌ ലാഭംമാത്രമാണ്‌ വന്ദേഭാരതിലൂടെ ലഭിക്കുന്നത്‌. എന്താണ്‌ ഇതിനു കാരണം. അതിവേഗത്തിൽ ഓടാൻ പറ്റുന്ന പാളമല്ല കേരളത്തിലുള്ളത്‌ എന്നതുതന്നെ. വളവുകളും തിരിവുകളും ഏറെയുള്ള പാളങ്ങളാണ്‌ നമുക്ക്‌ ഉള്ളത്‌.

തിരുവനന്തപുരത്തുനിന്ന് കാസർകോടുവരെ 626 വളവുണ്ട്‌. ഇത്‌ നികത്താതെ വന്ദേഭാരതിനോ രാജധാനിക്കോ ജനശതാബ്ദിക്കോ ആർജിക്കാവുന്ന വേഗത നേടാൻ കഴിയില്ല. ഈ വളവുകൾ പുനക്രമീകരിക്കാൻ 10 വർഷമെങ്കിലും എടുക്കുമെന്നാണ്‌ ഈ മേഖലയിൽ ഏറെ അറിവുള്ള ഇ ശ്രീധരൻതന്നെ പറയുന്നത്‌. മാത്രമല്ല, അരലക്ഷം കോടി രൂപയെങ്കിലും ഇതിനായി ചെലവഴിക്കേണ്ടിയും വരും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുന്ന വന്ദേഭാരത്‌ 80 – 100 കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്നത്‌ തനി വിഡ്ഢിത്തമാണെന്നും ബിജെപി നേതാവുകൂടിയായ ഇ ശ്രീധരൻ പറയുകയുണ്ടായി.

കേരളത്തിലെ റെയിൽവേയുടെ ഈ പരാധീനതയ്‌ക്ക്‌ കാരണം വർഷങ്ങളായുള്ള കേന്ദ്ര അവഗണന തന്നെയാണ്‌. കേന്ദ്രം ഭരിക്കുന്ന കക്ഷികൾ അത്‌ കോൺഗ്രസ്‌ ആയാലും ബിജെപി ആയാലും തെക്കേ അറ്റത്തുള്ള ഈ കൊച്ചു സംസ്ഥാനത്തോട്‌ കടുത്ത അവഗണനയാണ്‌ കാട്ടിയത്‌. വേഗത്തിലോടാനുള്ള പാളങ്ങൾ ഒരുക്കാൻ ഒരു പദ്ധതിയും ഇതുവരെയും കേരളത്തിന്‌ ലഭിച്ചില്ല. വാഗ്‌ദാനം ചെയ്യപ്പെട്ട കോച്ച്‌ ഫാക്ടറി നിഷേധിച്ചു. നേമം ഉപഗ്രഹ ടെർമിനൽ, ചേർത്തല വാഗൺ ഫാക്ടറി എന്നിവ വാഗ്‌ദാനത്തിൽ ഒതുങ്ങി. കേരളത്തിന്‌ ഒരു റെയിൽവേ സോൺ വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്ന്‌ മാത്രമല്ല, പാലക്കാട്‌ ഡിവിഷന്റെ കീഴിലുള്ള 68 ശതമാനം ഭാഗവും കവർന്നുകൊണ്ട്‌ സേലം ഡിവിഷന്‌ രൂപംനൽകുകയും ചെയ്‌തു. ഓട്ടോമാറ്റിക് സിഗ്നൽ സിസ്റ്റം, പാതകളുടെ ആധുനികവൽക്കരണം തുടങ്ങി എല്ലാ മേഖലയിലും കേരളത്തോട്‌ കടുത്ത അവഗണനയാണ്‌ കേന്ദ്ര സർക്കാരുകൾ കാട്ടിയിട്ടുള്ളത്‌. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്‌ കഴിഞ്ഞ ബജറ്റ്‌.